കൊല്‍ക്കത്ത: ബംഗാളില്‍ ഫേസ്ബുക്കിലൂടെ മരണം ലൈവായി ചിത്രീകരിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര് ജീവനൊടുക്കി. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ബഖാലി പ്രദേശത്ത് ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ശ്യാമള്‍ നസ്കര്‍, ഇയാളുടെ ഭാര്യ റിത നസ്കര്‍, മകന് അഭിഷേക് നസ്കര്‍ എന്നിവരാണ് ആത്മഹത്യ ചെയ്തത്.
പ്രായമായ ദമ്പതികളും അവരുടെ മകനും ആത്മഹത്യ ചെയ്തുവെന്നും യുവാവിന്റെ ഫേസ്ബുക്ക് പേജിൽ സംഭവം ലൈവ് സ്ട്രീം ചെയ്തതായും പോലീസ് പറഞ്ഞു. ജില്ലയിലെ കുൽപി പ്രദേശത്താണ് കുടുംബം താമസിച്ചിരുന്നത്. ദമ്പതികളും മകനും ഞായറാഴ്ച പുലർച്ചെ വീട്ടിൽ നിന്ന് ഇറങ്ങി, തീരദേശ ഗ്രാമമായ ബഖാലിയിലെ വിജനമായ സ്ഥലത്തേക്ക് പോയിരുന്നു. ഇവിടെ വെച്ചായിരുന്നു ആത്മഹത്യ.
‘മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്. ഞങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്’, സുന്ദർബൻസ് പോലീസ് ജില്ല സൂപ്രണ്ട് ഭാസ്കർ മുഖർജി മാധ്യമങ്ങളോട് പറഞ്ഞു. പണമിടപാട് സ്ഥാപനം വഞ്ചിച്ചുവെന്നാണ് കുടുംബത്തിന്റെ ആത്മഹത്യ കുറിപ്പിലുള്ളത്. അഭിഷേകിന്റെ സഹോദരിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയര്‍ന്നിരുന്നുവെന്നും ഇതുമൂലം സഹോദരി മാനസികമായും ശാരീരികമായും പീഡനത്തിനിരയായെന്നുമാണ് അഭിഷേകിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നത്. സഹോദരിയുടെ ജനനേന്ദ്രിയത്തില്‍ മുള കഷ്ണം കയറ്റിയെന്നും സംഭവത്തില്‍ മനംനൊന്താണ് ജീവനൊടുക്കാന്‍ തീരുമാനിച്ചതെന്നും ആത്മഹത്യ കുറിപ്പിലുണ്ട്.
‘ശനിയാഴ്ച രാത്രി കുൽപിയിലെ തങ്ങളുടെ വീട്ടിൽ ഈ സ്ത്രീകളിൽ വലിയൊരു വിഭാഗം അതിക്രമിച്ചു കയറി. നിരപരാധി ആണെന്ന് പലതവണ പറഞ്ഞിട്ടും കേട്ടില്ല. അവർ സഹോദരിയെ മർദ്ദിച്ചു. സഹോദരിയെ ശാരീരികമായി പീഡിപ്പിച്ചു. ഇതിൽ മനംനൊന്താണ് ആത്മഹത്യ’, അഭിഷേകിന്റെ ആത്മഹത്യാ കുറിപ്പിൽ വ്യക്തമാക്കുന്നു.
Post Your Comments