ന്യൂഡൽഹി : പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കർഷകർ തടഞ്ഞ സംഭവത്തിൽ പഞ്ചാബ് ഡിജിപിക്ക് നോട്ടിസ്. ശനിയാഴ്ച വൈകിട്ട് അഞ്ചിനകം മറുപടി നല്‍കണം. ഇല്ലെങ്കില്‍ ചട്ടപ്രകാരം നടപടിയുണ്ടാകുമെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം മുഖ്യമന്ത്രി ചന്നിയുടെയും മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെയും എതിർപ്പുകൾ അവഗണിച്ചു സിദ്ധുവിന്റെ നിർബന്ധപ്രകാരമാണ് ഡിജിപി സിദ്ധാർഥ് ചതോപാധ്യായയെ ചട്ടങ്ങൾ മറികടന്നു നിയമിച്ചത്.
പ്രധാനമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവം ഗുരുതരമായ സുരക്ഷാവീഴചയാണെന്ന വിലയിരുത്തലുള്ളപ്പോൾ തന്നെ സംഭവത്തിൽ ദുർബല വകുപ്പുകൾ ചുമത്തിയാണ് പഞ്ചാബ് പോലീസ് കേസെടുത്തത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനിടെ പ്രധാനമന്ത്രിയുടെ സുരക്ഷയിലുണ്ടായ വീഴ്ചയില്‍ സുപ്രീംകോടതി ഇടപെട്ടിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട രേഖകള്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ പഞ്ചാബ്–ഹരിയാന ഹൈക്കോടതി റജിസ്ട്രാര്‍ ജനറലിനോട് കോടതി നിര്‍ദേശിച്ചു. സുരക്ഷാ വീഴ്ചയില്‍ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുന്നതില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും. കേന്ദ്രസര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും പ്രഖ്യാപിച്ച അന്വേഷണം അതുവരെ നിര്‍ത്തിവയ്ക്കാന്‍ കോടതി നിര്‍ദേശിച്ചു.
Post Your Comments