ഡൽഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. ഉത്തർപ്രദേശിൽ ഏഴു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഫെബ്രുവരി 10നാണ് ആദ്യ തെരഞ്ഞെടുപ്പ്. രണ്ടാം ഘട്ടം ഫെബ്രുവരി 14നും നടക്കും. മൂന്നാം ഘട്ടം ഫെബ്രുവരി 20നും നാലാംഘട്ടം ഫെബ്രുവരി 23നും അഞ്ചാം ഘട്ടം ഫെബ്രുവരി 27നും ആറാഘട്ടം മാര്‍ച്ച് മൂന്നിനും ഏഴാംഘട്ടം മാര്‍ച്ച് ഏഴിനും നടക്കും.
പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ സംസ്ഥാനങ്ങളിലും ഫെബ്രുവരി 14നാണ് വോട്ടെടുപ്പ്. മണിപ്പൂരിൽ ഫെബ്രുവരി 27നും മാർച്ച് മൂന്നിനുമാണ് തെരഞ്ഞെടുപ്പ്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ നടക്കുക. വാർത്താസമ്മേളനത്തിൽ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ സുശിൽ ചന്ദ്രയാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്. തീയതി പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു.
ക്രിമിനൽ കേസിലെ പ്രതികളെ മന്ത്രിയാക്കാമെങ്കിൽ മാസികയിൽ കവർ ഫോട്ടോയും വയ്ക്കാം: സോഷ്യൽ മീഡിയ
അഞ്ചു സംസ്ഥാനങ്ങളിലായി ആകെ 690 നിയമസഭ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 18.34 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 24.9 ലക്ഷം കന്നി വോട്ടർമാരാണ്. ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി 1250 വോട്ടർമാർ മാത്രമാണ് ഉണ്ടായിരിക്കുക. ഓരോ മണ്ഡലങ്ങളിലും ഒരു ബൂത്തെങ്കിലും വനിതകൾ നിയന്ത്രിക്കും. കോവിഡ് ബാധിതർക്ക് തപാൽ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കും. ഭിന്നശേഷിക്കാർക്കും 80 വയസു കഴിഞ്ഞവർക്കും തപാൽ വോട്ട് ചെയ്യാം.
തെരഞ്ഞെടുപ്പിന് വിപുലമായ കോവിഡ് മാർഗരേഖ പുറത്തിറക്കി. ജനങ്ങൾക്ക് കോവിഡ് സുരക്ഷ ഉറപ്പാക്കുന്നത് സുപ്രധാനമായതിനാൽ പോളിംഗ് സ്റ്റേഷനുകളിൽ കർശന കോവിഡ് മുൻകരുതൽ നടപ്പാക്കും. പോളിംഗ് സ്റ്റേഷനുകൾ അണുവിമുക്തമാക്കും. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് രണ്ടു ഡോസ് വാക്സിൻ നിർബന്ധമാണ്. ഡ്യൂട്ടിയിൽ ഉള്ളവർക്ക് കരുതൽ ഡോസ് ഉറപ്പാക്കും. വോട്ടെടുപ്പ് സമയം ഒരു മണിക്കൂർ നീട്ടുകയും ചെയ്തു.
തെരഞ്ഞെടുപ്പ് റാലികൾക്കും റോഡ് ഷോകൾക്കും നിയന്ത്രണമുണ്ടാകും. ഈ മാസം 15 വരെ റാലികളും പദയാത്രകളും നിരോധിച്ചു. ഇതിനുശേഷം കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. ഫലപ്രഖ്യാപനത്തിനു ശേഷം ആഹ്ലാദപ്രകടനങ്ങൾ അനുവദിക്കില്ല.
Post Your Comments