ശ്രീനഗര്‍: 2022 ഭീകരര്‍ക്ക് കഷ്ടകാലമെന്ന് ഇന്ത്യന്‍ സൈന്യം. പുതുവര്‍ഷം ആരംഭിച്ച് പത്തുദിവസം പിന്നിടുന്നതിന് മുന്‍പേ 11 ഭീകരരെയാണ് സൈന്യം വധിച്ചത്. കശ്മീര്‍ ഐജി വിജയ് കുമാര്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥീരികരിച്ചത്. അനന്തനാഗിലും കുല്‍ഗാമിലും പുല്‍വാമയിലും ബുദ്ഗാമിലും കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന ഏറ്റുമുട്ടലുകളില്‍ ഒരു ഭീകരന്‍ പോലും രക്ഷപെട്ടില്ലെന്നാണ് സൈന്യം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ മൂന്ന് ഭീകരരെ വധിച്ചതോടെയാണ് ആകെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 11 ആയി ഉയര്‍ന്നത്. താഴ്‌വരയില്‍ സജീവമായിട്ടുള്ള 170നടുത്ത് ഭീകരരെ ഒന്നൊന്നായി വകവരുത്തുക തന്നെ ചെയ്യുമെന്ന് വിജയ് കുമാര്‍ പറഞ്ഞു.
വ്യാഴാഴ്ച ഗ്രാമവാസികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അര്‍ദ്ധരാത്രി റെയ്ഡ് നടത്തിയത്. ജയ്ഷെ മുഹമ്മദ് ഭീകരര്‍ക്കെതിരെ സൈന്യവും പോലീസും സംയുക്തമായാണ് നീങ്ങിയത്. സി.ആര്‍.പി.എഫ് സംഘം നേതൃത്വം നല്‍കിയ ഭീകരവേട്ട രാത്രി മുതല്‍ പുലര്‍ച്ചെ വരെ നീണ്ടു. ഒരു പ്രദേശവാസിക്ക് പോലും അപകടം വരാതെ രാജ്യദ്രോഹശക്തികളെ തകര്‍ക്കാന്‍ സാധിക്കുന്നതില്‍ ഏറെ അഭിമാനിക്കുന്നുവെന്നും വിജയ്കുമാര്‍ പറഞ്ഞു.
‘സൈന്യത്തിന്റെ ഹിറ്റ്ലിസ്റ്റിലാണ് എല്ലാ ഭീകരരും. കാരണം അവര്‍ ജമ്മുകശ്മീരില്‍ തമ്പടിക്കുന്നത് ഓരോ ഇന്ത്യക്കാരന്റേയും ജീവന് വിലപറയാനാണ്. അതിനാല്‍ തന്നെ എത്രയും വേഗം അത്തരക്കാരെ കണ്ടെത്തി ഇല്ലാതാക്കുക എന്നതുമാത്രമാണ് സൈന്യത്തിന് മുന്നിലുള്ള ദൗത്യം. അതിനാല്‍ ഏത് സാഹചര്യത്തെ നേരിടാനും ഏതു നിമിഷവും സുരക്ഷാ സേനകള്‍ തയ്യാറാണ്’ വിജയ് കുമാര്‍ പറഞ്ഞു.
Post Your Comments