ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷാ വീഴ്ച്ചയില്‍ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചന്നി. ജീവന്‍ അപകടമുണ്ടെന്ന് കാണിക്കാനുള്ള വെറും ഗിമ്മിക്ക് മാത്രമായിരുന്നു ആ സംഭവം. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പട്ട സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കമാണ് കണ്ടതെന്നും ചന്നി ആരോപിച്ചു. സർക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതിഭരണം കൊണ്ടുവരാനുള്ള നീക്കമാണോ ഇപ്പോഴത്തേത് എന്നാണ് ആശങ്ക. ‘പ്രധാനമന്ത്രി ഈ രാജ്യത്ത് ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന നേതാവാണ്.’
ആ നിലവാരത്തിലുള്ള ഒരു നേതാവ് ഒരിക്കലും ഇത്രയും വിലകുറഞ്ഞ നാടകങ്ങള്‍ കളിക്കരുതെന്നും ചന്നി പറഞ്ഞു. മോദിയുടെ ജീവന് യാതൊരു ഭീഷണിയുമുണ്ടായിരുന്നില്ലെന്ന് ചന്നി അവകാശപ്പെട്ടു. ഫിറോസ്പൂരിലെ റാലിയില്‍ വളരെ കുറച്ച് ആളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതാണ് പരിപാടി റദ്ദാക്കി അദ്ദേഹം മടങ്ങാന്‍ കാരണമെന്നും ചന്നി വ്യക്തമാക്കി. ‘വലിയ ഗൂഢാലോചനയുടെ ഭാഗമാണ് സുരക്ഷാ വീഴ്ച്ചയുണ്ടായെന്ന പ്രചാരണം. പഞ്ചാബിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണിത്.’
‘ജനാധിപത്യത്തെ കൊലപ്പെടുത്താനാണ് ബിജെപിയുടെ ശ്രമം.’ ജമ്മു കശ്മീരില്‍ ബിജെപി നേരത്തെ ചെയ്തത് പോലുള്ള കാര്യങ്ങളാണ് അവര്‍ പഞ്ചാബിലും ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും ചന്നി പറഞ്ഞു. പ്രതിഷേധക്കാര്‍ മോദി നിന്നിരുന്ന സ്ഥലത്ത് നിന്ന് ഒരു കിലോമീറ്റര്‍ ദൂരത്താണ്. എങ്ങനെയാണ് മോദിക്ക് ആ സമയം ഭീഷണിയുണ്ടാവുകയെന്നും ചന്നി ചോദിക്കുന്നു.പ്രധാനമന്ത്രിയുടെ സുരക്ഷാ സംഘം വാഹനം നിര്‍ത്തിയ സ്ഥലത്ത് വെച്ച് അദ്ദേഹത്തിനെതിരെ ഒരു മുദ്രാവാക്യം വിളി പോലും മുഴങ്ങിയിട്ടില്ല.
ഇതൊക്കെ എങ്ങനെയാണ് ജീവന് ഭീഷണിയുള്ളതായി മാറുക. രാജ്യത്തിന്റെ ഐക്യത്തിനായി പഞ്ചാബികള്‍ സ്വന്തം ജീവന്‍ പോലും നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിിയുടെ ജീവനും സുരക്ഷയ്ക്കും അവരൊരിക്കലും ഭീഷണിയാവില്ലെന്നും ചന്നി പറഞ്ഞു. അതേസമയം സംഭവത്തിൽ രാഷ്ട്രപതിയും സുപ്രീം കോടതിയും ഇടപെട്ടിരിക്കുകയാണ്. ഇതോടെയാണ് നാടകമെന്ന ആരോപണവുമായി പഞ്ചാബ് രംഗത്തെത്തിയത്.
Post Your Comments