ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ ക്രമീകരണത്തിലെ വീഴ്ച സംബന്ധിച്ച് കേന്ദ്രസര്‍ക്കാരും അന്വേഷണത്തിനൊരുങ്ങുന്നു. ഇതിനായി മൂന്നംഗ സംഘത്തെ നിയോഗിച്ചു. കാബിനറ്റ് സെക്രട്ടറിയേറ്റിലെ സുരക്ഷാ വിഭാഗം സെക്രട്ടറി സുധീര്‍ കുമാര്‍ സക്സേനയുടെ നേതൃത്വത്തിലാകും അന്വേഷണം. ഇന്റലിജന്‍സ് ബ്യൂറോ ജോയിന്റ് ഡയറക്ടര്‍ ബല്‍ബിര്‍ സിംഗും എസ്പിജി ഐജി എസ് സുരേഷും അന്വേഷണ സംഘത്തിലുണ്ട്.
ഫിറോസ്പൂരിലെ സുരക്ഷാ മുന്നൊരുങ്ങളില്‍ വരുത്തിയ വീഴ്ച്ചകള്‍ സംഘം വിലയിരുത്തും. അതേസമയം പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശന വേളയില്‍ സുരക്ഷ ശക്തമാക്കാന്‍ പോലീസിന് മുന്നറിയിപ്പ് ലഭിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നു. 1, 2, 4 തീയതികളില്‍ പഞ്ചാബ് പോലീസിന് മുന്നറിയിപ്പ് നല്‍കിയ തെളിവാണ് പുറത്തുവന്നത്. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ഇക്കാര്യം പുറത്തുവിട്ടത്.
സുരക്ഷയില്‍ വീഴ്ച വരുത്തിയതില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനോട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തിന്റെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഒരു തരത്തിലുള്ള സുരക്ഷാ വീഴ്ചയും സംഭവിച്ചിട്ടില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജീത് സിംഗ് ഛന്നിയുടെ അവകാശവാദം.
Post Your Comments