കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വെച്ച് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതിക്ക് ജാമ്യം. വെള്ളയില്‍ സ്വദേശി മോഹന്‍ദാസിന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയെ പോലീസ് എതിർത്തെങ്കിലും കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് മോഹന്‍ദാസ് വൈകുന്നേരം ജയിലില്‍നിന്നും പുറത്തിറങ്ങി. അതേസമയം, കേസില്‍ അന്വേഷണം തുടരുകയാണെന്ന് വെള്ളയില്‍ പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ടാണ് കോഴിക്കോട് ബീച്ചില്‍ വച്ച് ബിന്ദു അമ്മിണിയെ മോഹൻദാസ് ആക്രമിച്ചത്. മൊബൈല്‍ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ സ്ത്രീത്വത്തിനെ അപമാനിച്ചതിനും കയ്യേറ്റം ചെയ്തതിനും കേസെടുത്തു. എന്നാൽ, ബീച്ചില്‍ ജോലി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന തന്നെ ബിന്ദു അമ്മിണിയാണ് ആദ്യം വന്ന് തല്ലിയതെന്നാണ് മോഹന്‍ദാസിന്‍റെ വാദം.
മോഹൻദാസ് മദ്യലഹരിയില്‍ ബിന്ദുവിനെ ആക്രമിച്ചതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഘർഷത്തിൽ കാലിന് പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തായതോടെയാണ് പോലീസ് നടപടിയെടുക്കുകയായിരുന്നു. കീഴടങ്ങാനായി സ്റ്റേഷനിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുന്‍പ് പോലീസ് വീട്ടിലെത്തി മോഹന്‍ദാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബിന്ദു അമ്മിണി ആദ്യം തന്നെയാണ് ആക്രമിച്ചതെന്നുകാട്ടി മോഹന്‍ദാസ് നല്‍കിയ പരാതിയും പൊലീസിന്‍റെ പരിഗണനയിലാണ്.
Post Your Comments