കോട്ടയം: മെഡിക്കൽ കോളജില്‍ നിന്ന് നവജാത ശിശുവിനെ കടത്തിയ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കളമശേരി സ്വദേശിനി നീനു ആണ് പോലീസിന്റെ പിടിയിലായത്. കുഞ്ഞിനെ തട്ടിയെടുത്ത് വിൽക്കാനാണെന്നും കടബാധ്യത ഉള്ളതിനാലാണ് ഇത്തരമൊരു കൃത്യത്തിന് തയാറായതെന്നും യുവതി പോലീസിന് മൊഴി നൽകി. കോട്ടയത്തെ ബാർ ഹോട്ടലിൽ എട്ടുവയസുള്ള ആണ്‍കുട്ടിയുമായി ചൊവ്വാഴ്ച ഇവർ മുറിയെടുത്തിരുന്നു. യുവതി കഴിഞ്ഞ ദിവസങ്ങളിലൊക്കെ മെഡിക്കൽ കോളജ് പരിസരങ്ങളിൽ ഇവർ കറങ്ങി നടക്കുന്നത് കണ്ടതായി ദൃക്സാക്ഷികൾ വ്യക്തമാക്കി.
അതേസമയം, മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ കടത്തിയ സംഭവത്തിനു പിന്നിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന റാക്കറ്റാണെന്ന സംശയം ഉയർത്തി മന്ത്രി വിഎൻ വാസവൻ രംഗത്തെത്തി. പോലീസ് സമഗ്ര അന്വേഷണത്തിലൂടെ ഇക്കാര്യം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടറുടെ വേഷം ധരിച്ചെത്തിയ സ്ത്രീയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും ഒറ്റനോട്ടത്തില്‍ അവര്‍ ഡോക്ടര്‍ അല്ല എന്ന് സംശയം തോന്നില്ലെന്നും മന്ത്രി പറഞ്ഞു. പോലീസ് സമയോചിതമായി ഇടപെട്ടത് കൊണ്ടാണ് കുഞ്ഞിനെ ഉടന്‍ തന്നെ കണ്ടെത്താന്‍ കഴിഞ്ഞതെന്നും വാസവന് കൂട്ടിച്ചേർത്തു.
Post Your Comments