തിരുവനന്തപുരം: ഒമിക്രോൺ രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തില്‍ മൂന്നാം തരംഗം ഉറപ്പാണെന്ന് ഐ.എം.എ സംസ്ഥാന അധ്യക്ഷൻ ഡോക്ടർ സുൽഫി നൂഹ്. ഒമിക്രോൺ കേസുകൾ വർധിക്കുന്നുവെങ്കിലും രോഗികളിൽ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നില്ലെന്നത് ആശ്വാസകരമായ കാര്യമാണ്. കേരളത്തിലും മൂന്നാം തരംഗം ഉറപ്പായും സംഭവിക്കുമെന്നും എന്നാൽ ആദ്യ രണ്ട് തരംഗങ്ങളിലേതിന് സമാനമായി മറ്റ് സംസ്ഥാനങ്ങളിൽ തരംഗമുണ്ടായ ശേഷം മാത്രമേ കേരളത്തിൽ വ്യാപനം ഉച്ചസ്ഥായിയിലെത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
‘രോഗികളിൽ ഗുരുതരമായി ബാധിക്കില്ലെങ്കിലും പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായാൽ അത് ആരോഗ്യ സംവിധാനങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാകും. അങ്ങനെ സംഭവിച്ചാൽ കാര്യങ്ങൽ സങ്കീർണമാകാനുള്ള സാധ്യതയുണ്ട്. ഒമിക്രോണോടെ കോവിഡ് 19 മഹാമാരി പര്യവസാനത്തിലേക്ക് പോകുന്നു എന്ന വാദത്തേയും തള്ളിക്കളയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്രീയമായ വശങ്ങൾ പരിശോധിച്ചാൽ മുൻപും മഹാമാരികൾ അവസാനിച്ചിട്ടുള്ളത് വ്യാപകമായി രോഗം പകരുകയും എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാതെ കടന്നുപോയിട്ടുമാണ്.’- സുൽഫി നൂഹ് വ്യക്തമാക്കി.
‘കോവിഡ് 19ന്റെ ഒമിക്രോൺ വകഭേദം ലോകത്താകമാനം വ്യാപിക്കുകയാണ്. നമ്മുടെ രാജ്യത്തും കേസുകൾ കൂടുന്നുണ്ട്. ഇത് ഉടനെ തന്നെ മൂന്നാം തരംഗത്തിലേക്ക് എത്തിച്ചേരുമെന്നും ഉറപ്പായിക്കഴിഞ്ഞു. ശ്രദ്ധിക്കേണ്ട കാര്യം ഡെൽറ്റയാണ് ഏറ്റവും അധികം ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ അത് ഒമിക്രോണിലേക്ക് മാറുകയാണ്.മറ്റ് രാജ്യങ്ങളിലെ കാര്യം പരിശോധിച്ചാൽ ഒമിക്രോൺ വകഭേദം രോഗവ്യാപനം കൂടുതൽ വേഗത്തിലാക്കുന്നുണ്ട്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വളരെ വേഗത്തിൽ രോഗം ബാധിക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്നാൽ അപ്പോഴും രോഗത്തിന്റെ ശക്തി കുറഞ്ഞ് നിൽക്കുന്നത് വ്യാപന ഉയരുമ്പോഴും ആശ്വാസം പകരുന്നതാണ്’- അദ്ദേഹം പറഞ്ഞു.
Read Also: മൗസ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
‘വാക്സീൻ സ്വീകരിച്ചവർക്ക് ഒമിക്രോൺ ബാധിച്ചാലും രോഗം ഗുരുതരമായി മാറുന്നത് തടയാൻ കഴിയുന്നുവെന്നതാണ് മറ്റൊരു കാര്യം. കേരളത്തെ സംബന്ധിച്ച് ആദ്യ രണ്ട് തരംഗങ്ങളിലേത് പോലെ മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം ഉച്ചസ്ഥായിയിലെത്തിയ ശേഷമായിരിക്കും ഇവിടെ പ്രകടമാവുക. മൂന്നാം തരംഗം ഉറപ്പായും ഉണ്ടാകും എന്നതിൽ സംശയമില്ല. കൂടുതൽ ആളുകളിൽ വലിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാകാതെ ഒമിക്രോൺ വ്യാപനമുണ്ടാകാനാണ് സാധ്യത’- അദ്ദേഹം പറഞ്ഞു.
Post Your Comments