കാഴ്ചയില്ലാത്ത, ഏഴു വർഷത്തോളം ശരീരം തളർന്ന് കിടന്ന പുരുഷു പൂച്ച യാത്രയായി. തൃശ്ശൂർ പുല്ലൂർ അമ്പലനടയിലെ ബിന്ദുവെന്ന വീട്ടമ്മയും കുടുംബവും ആയിരുന്നു പുരുഷു പൂച്ചയെ സ്വന്തം കുഞ്ഞിനെപ്പോലെ ഇത്രയും നാൾ സംരക്ഷിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയായി പുരുഷു പൂച്ച ഏറെ അവശനായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു ചത്തത്. തൃശൂരിലെ മൃഗാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. ഏഴ് വർഷത്തെ സ്നേഹബന്ധമാണ് ബിന്ദുവിന് പുരുഷു പൂച്ചയോടുള്ളത്. സ്വന്തം കുഞ്ഞിനെ പോലെയായിരുന്നു പൂച്ചയെ ഇവർ പരിചരിച്ചിരുന്നത്.
തങ്ങളുടെ കുടുംബത്തിലെ ഒരു അംഗമായിരുന്നു പുരുഷു എന്നാണ് ബിന്ദുവും ബന്ധുക്കളും പറയുന്നത്. 2014 ഡിംസബറിൽ ബിന്ദു വീട്ടിലെ പൂച്ച മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. രണ്ടെണ്ണം പെട്ടന്ന് തന്നെ ചത്തുപോയി. മൂന്നാമത്തെ പോച്ചക്കുഞ്ഞിനെ നല്ല പരിചരണം നൽകി ഇവർ ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തി. പൂച്ചക്കുഞ്ഞിന് ഇവർ ‘പുരുഷു’ എന്ന് പേരിട്ടു. അധികമൊന്നും നടക്കില്ലായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും പിച്ചവെച്ച് നടക്കുന്നത് പോലെ ആയിരുന്നു. ഇതിനിടയിൽ വൈറൽ പനി ബാധിച്ച് പുരുഷുവിന് കാഴ്ച ശക്തി നഷ്ടമായി. ചലന ശക്തിയും ക്ഷയിച്ചു. ഇതോടെ, അധികം കാലം ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. എന്നാൽ, ബിന്ദു ഇവിടെ നിന്നും വീണ്ടും പുരുഷുവിനെ സ്വന്തമായി ഏറ്റെടുത്തു.
കുഞ്ഞുങ്ങൾക്ക് നൽകുന്നത് പോലെ മടിയിലിരുത്തി ആയിരുന്നു ബിന്ദു പുരുഷുവിന് ഭക്ഷണം നൽകിയിരുന്നത്. സ്പൂണിൽ കോരി വായിലൊഴിച്ച് കൊടുക്കുമായിരുന്നു. സ്വന്തം കിടപ്പുമുറിയിൽ മറ്റൊരു കിടക്കയിൽ ആണ് ബിന്ദു പുരുഷുവിനെ കിടത്തിയിരുന്നത്. പുതപ്പ് പുതപ്പിച്ച് ഉറക്കും. ഇനി ആ വീട്ടിൽ പുരുഷു ഇല്ല.
Post Your Comments