മണ്ണാർക്കാട്: പൊലീസിനെ കബളിപ്പിച്ച് കൈവിലങ്ങുമായി രക്ഷപ്പെട്ട മോഷണക്കേസ് പ്രതി പിടിയിൽ. കൈതച്ചിറ മഡോണ വീട്ടിൽ ജിന്റോ(23)യെയാണ് മണ്ണാർക്കാട് പൊലീസ് അട്ടപ്പാടി കോട്ടത്തറയിൽനിന്ന് പിടികൂടിയത്. ഡിസംബർ 29 നാണ് സംഭവം.
നഗരത്തിലെ കടയിൽ നിന്നും മൊബൈൽ ഫോൺ മോഷണത്തിന് പിടികൂടി വൈദ്യപരിശോധനക്കായി മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ജിന്റോ രക്ഷപ്പെട്ടത്. പരിശോധനക്കായി ഒരു കൈയിലെ വിലങ്ങ് അഴിച്ചു മാറ്റിയ സമയത്താണ് കൂടെയുണ്ടായിരുന്ന പൊലീസുകാരുടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്. രക്ഷപ്പെട്ട പ്രതി തൃശൂർ മാളയിലെത്തി. ഇവിടെ നിന്നും കൈയിലെ വിലങ്ങ് സുഹൃത്തിന്റെ സഹായത്തോടെ അഴിച്ചുമാറ്റി. പിന്നീട് എറണാകുളത്തും മൂന്നാറിലുമെത്തി.
Read Also : ഭഗവാൻ ശ്രീകൃഷ്ണൻ എന്നും രാത്രി തന്റെ സ്വപ്നത്തിൽ വരുമെന്ന് അഖിലേഷ് : ‘രാമരാജ്യം എസ്പിയുടെ മാത്രമേ നടക്കൂ ‘
പ്രതി സഹോദരന്റെ ഫോണിലേക്ക് വിളിക്കുന്നത് പിന്തുടർന്നാണ് എസ്.ഐ ജസ്റ്റിൻ, പൊലീസുകാരായ ഷഫീഖ്, റമീസ്, കമറുദ്ധീൻ, സഹദ്, ദാമോദരൻ, ജയകൃഷ്ണൻ, ഷൗക്കത്ത് എന്നിവരടങ്ങുന്ന സംഘം ഞായറാഴ്ച രാത്രി അട്ടപ്പാടിയിലെത്തിയത്.
മണ്ണാർക്കാട് സി.ഐ അജിത് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഓടിച്ചിട്ടാണ് പിടികൂടിയത്.
Post Your Comments