തിരുവനന്തപുരം: കണ്ണൂരില്‍ മാവേലി എക്‌സ്പ്രസില്‍ സ്ലീപ്പര്‍ കംമ്പാര്‍ട്ട്‌മെന്റില്‍ പരിശോധനയ്ക്കിടെ യാത്രക്കാരനെ പൊലീസ് ബൂട്ടുപയോഗിച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രണ്ടാമത് അധികാരത്തില്‍ വന്നതിന് ശേഷം പൊലീസിന്റെ നിയന്ത്രണം പൂര്‍ണ്ണമായും സര്‍ക്കാരിന്റെ കയ്യില്‍ നിന്ന് നഷ്ടമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പൊലീസ് കുറേ നാളായി സമനില തെറ്റിയവരെ പോലെയാണ് പെരുമാറുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മാവേലി എക്‌സ്പ്രസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തുവെന്ന് ആരോപിച്ച് എഎസ്‌ഐ യാത്രക്കാരനെ നിലത്തിട്ട് ചവിട്ടിയ സംഭവം ഇതിന് ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിക്കറ്റില്ലാതെ യാത്ര ചെയ്താല്‍ ശിക്ഷ നല്‍കാന്‍ നിയമമുണ്ട്. നിലത്തിട്ട് ഒരാളെ ചവിട്ടിക്കൂട്ടാനും കരണത്തടിക്കാനും ആരാണ് ഇവര്‍ക്ക് അധികാരം കൊടുത്തതെന്ന് അദ്ദേഹം ചോദിച്ചു.
മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനാണ് പൊലീസെന്നും നെഞ്ചത്ത് കുതിര കയറാനല്ലെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടേറിയറ്റിന്റെ മൂക്കിന് താഴെ ഗുണ്ടാ വിളയാട്ടമാണ്. അവരോട് കാണിക്കാത്ത ക്രൂരതയാണ് സാധാരണക്കാരോട് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments