Latest NewsKeralaNattuvarthaNewsIndiaUKInternational

കേരള സർക്കാർ കോര്‍പ്പറേറ്റ് മുതലാളിത്ത ദാസ്യവേല ചെയ്യുന്നു: കെ റെയിലിനെതിരെ പ്രവാസി സാംസ്കാരിക വേദി

ജനകീയ സമരവുമായി രംഗത്ത് ഇറങ്ങുന്നവരെ തീവ്രവാദ മുദ്ര ചാര്‍ത്തിയും വര്‍ഗീയത ആരോപിച്ചും തടയാന്‍ ശ്രമിക്കുന്നത് തികച്ചും ഫാസിസ്റ്റ് സമീപനമാണ്

ജിദ്ദ: കെ റയിൽ പദ്ധതിയുമായി മുന്നോട്ട് സഞ്ചരിക്കുന്ന കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രവാസി സാംസ്കാരിക വേദി. കേരള സർക്കാർ കോര്‍പ്പറേറ്റ് മുതലാളിത്ത ദാസ്യവേല ചെയ്യുന്നുവെന്ന് കൂട്ടായ്മ അഭിപ്രായപ്പെട്ടു. ഇടതുപക്ഷവും മുതലാളിത്തവും ഒരേ ദിശയില്‍ സഞ്ചരിക്കുന്ന അവസ്ഥയാണ് നിലവില്‍ കാണാന്‍ കഴിയുന്നതെന്നും, മുതലാളിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് സ്ഥാപിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു.

Also Read:ക്ഷേത്രത്തില്‍ പ്രസാദവിതരണത്തിനിടെ ഭക്ഷ്യവിഷബാധ: 19 കുട്ടികളടക്കം 50 പേർ ആശുപത്രിയില്‍

‘ജനകീയ സമരവുമായി രംഗത്ത് ഇറങ്ങുന്നവരെ തീവ്രവാദ മുദ്ര ചാര്‍ത്തിയും വര്‍ഗീയത ആരോപിച്ചും തടയാന്‍ ശ്രമിക്കുന്നത് തികച്ചും ഫാസിസ്റ്റ് സമീപനമാണ്. ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് എന്തു വില കൊടുത്തും പദ്ധതി നടപ്പിലാക്കും എന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്. ഗെയില്‍ പൈപ്പ് ലൈന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പിലാക്കിയ രീതി ഇതിലും സ്വീകരിക്കുമെന്ന അഹങ്കാരത്തോടു കൂടിയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. കോര്‍പ്പറേറ്റ് മുതലാളിമാരുടെ സാമ്പത്തിക സ്രോതസ്സുകള്‍ ഉപയോഗിച്ചുകൊണ്ടും സമരം ചെയ്യുന്ന ജനങ്ങളെ ഭരണകൂട സംവിധാനങ്ങളായ പോലീസിനെയും മറ്റും ഉപയോഗിച്ച്‌ അടിച്ചമര്‍ത്തിയും തികച്ചും ജനാധിപത്യവിരുദ്ധമായ രീതിയിലൂടെ പദ്ധതി നടപ്പിലാക്കാനാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്’, പ്രവാസി സാംസ്കാരിക വേദി വിമർശിച്ചു.

‘പദ്ധതിയുടെ യാഥാര്‍ത്ഥ്യത്തെക്കുറിച്ച്‌ പൊതുസമൂഹത്തോട് സംസാരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് മുഖ്യമന്ത്രി കെ റെയില്‍ വിരുദ്ധ സമരക്കാരെ വര്‍ഗീയവാദികളായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. പദ്ധതി സംബന്ധമായ ഒരു ചര്‍ച്ചയ്ക്കും മുഖ്യമന്ത്രി തയ്യാറാകുന്നില്ല. തികച്ചും ഏകാധിപത്യ സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ കെ റെയില്‍ പദ്ധതിയുടെ നിര്‍വഹണവുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്നത്. വിവിധ സാമൂഹിക രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ചനടത്തുകയും ജനങ്ങളുടെ ആശങ്ക പരിഹരിച്ചുകൊണ്ടും മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ പാടുള്ളൂ എന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെ സമര സംഘടനകള്‍ പലതവണയായി സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ചര്‍ച്ചക്ക് വേണ്ടി നിയമസഭയുടെ മുന്നില്‍ വെക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറാവുന്നില്ല’, പ്രവാസി സാംസ്കാരിക വേദി വ്യക്തമാക്കി.

‘സര്‍ക്കാര്‍ പദ്ധതികള്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്ത സംസ്‌കാരം ബി.ജെ.പിയുള്‍പ്പെടെയുള്ള ഫാസിസ്റ്റ് ഭരണകൂടത്തിന്റെ രീതിയാണ്. പദ്ധതികളില്‍ നിഗൂഢത സൃഷ്ടിച്ച്‌ പാര്‍ലമെന്‍റില്‍ ചര്‍ച്ചയില്ലാതെ പാസാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ സമീപനം തന്നെയാണ് കേരളത്തിലും ഇടതുപക്ഷം സ്വീകരിക്കുന്നത്. ഇത്തരം ജനാധിപത്യവിരുദ്ധമായ സമീപനങ്ങളെ കേരളീയ സമൂഹം ശക്തമായി നേരിടണം ‘, പ്രവാസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് റഹീം ഒതുക്കുങ്ങല്‍, ജനറല്‍ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button