തിരുവനന്തപുരം: കേരളത്തിന്‍റെ മദ്യ സംസ്കാരത്തില്‍ മാറ്റം വരണമെന്ന് പ്രശസ്ത സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര. കോവളത്ത് സ്വീഡിഷ് പൗരനോട് ഉണ്ടായ കേരള പോലീസിന്റെ അപമാനകരമായ പ്രവർത്തിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടൂറിസ്റ്റുകള്‍ നമ്മുടെ അതിഥികളാണ്. കോവളത്തെ വിദേശിയായ ടുറിസ്റ്റിന് പുതുവര്‍ഷ തലേന്ന് നേരിട്ട അനുഭവങ്ങള്‍ നമ്മുടെ ടൂറിസം മേഖലയെ തകര്‍ക്കുന്നതാണെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിച്ചു.
‘ലോകത്ത് ഒരിടത്തും ഇങ്ങനെ മദ്യം വാങ്ങേണ്ട ഒരു ഗതികേടുണ്ടാവാറില്ല. കേരളത്തിലെ ഒരു ബിവറേജസ് കോര്‍പ്പറേഷന് മുന്നില്‍ ക്യൂവില്‍ വെയില്‍ കൊണ്ട് മദ്യം വാങ്ങുക എന്ന പ്രാകൃത ചടങ്ങ് വേറെയൊരിടത്തുമില്ല. മാന്യമായിട്ട് വേണം മദ്യം വാങ്ങേണ്ടവര്‍ക്ക് വാങ്ങാന്‍ സൌകര്യമൊരുക്കേണ്ടത്. ഈ വരുന്ന ഓരോ ടൂറിസ്റ്റും നമുക്ക് പണം നല്‍കുന്നവരാണ്. നമ്മുടെ അതിഥിയാണ്. നമ്മള്‍ ക്ഷണിച്ചു വരുത്തുന്നതാണ്. കോടിക്കണക്കിന് രൂപ ഇവരെ ക്ഷണിക്കുന്നതിന് വേണ്ടി ചെലവഴിക്കുന്നുണ്ട്. അങ്ങനെയൊരാള്‍ക്ക് ഒരു മോശം അഭിപ്രായമുണ്ടായാല്‍ കേരളത്തിലെ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ചര്‍ച്ചയാകുന്നതിലല്ല, വിദേശികളായ ഇവരുടെ നാട്ടില്‍ ഇക്കാര്യം ചര്‍ച്ചയാകുന്നതോടെ നമ്മള്‍ ഇവിടെ നടത്തുന്ന പ്രചാരണം മുഴുവന്‍ വെള്ളത്തിലാവില്ലേ?’- സന്തോഷ് ജോർജ് കുളങ്ങര ചോദിക്കുന്നു.
അതേസമയം, കോവളത്ത് മദ്യവുമായി പോകുമ്പോള്‍ സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞ സംഭവം വിവാദമായതോടെ തിരുവനന്തപുരം ഡിസിപി റിപ്പോർട്ട് തേടുകയും എസ്.ഐയെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ഇന്നലെയാണ് ന്യൂയര്‍ ആഘോഷത്തിനായി മദ്യവുമായി പോയ സ്റ്റീവ് ആസ് ബര്‍ഗിനെ കേരള പൊലീസ് തടഞ്ഞത്. സ്റ്റീവിന്‍റെ സ്‌കൂട്ടറില്‍ നിന്ന് മൂന്ന് ഫുള്‍ ബോട്ടില്‍ മദ്യം കണ്ടെടുത്ത പൊലീസ് മദ്യം വാങ്ങിയ ബില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.
ബിവറേജില്‍ നിന്ന് ബില്ല് വാങ്ങാന്‍ മറന്നെന്ന് സ്റ്റീവ് പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല. കുപ്പിയടക്കം വലിച്ചെറിയാന്‍ പൊലീസ് സ്റ്റീവിനോട് പറഞ്ഞു. ഇതോടെ സഹികെട്ട് സ്റ്റീവ് തന്റെ കൈയിലുണ്ടായിരുന്ന രണ്ട് ഫുള്ളും പൊട്ടിച്ച് മദ്യം പുറത്ത് കളഞ്ഞു. എന്നാല്‍ ആരോ സംഭവം മൊബൈലില്‍ പകര്‍ത്തുന്നെന്ന് കണ്ടപ്പോള്‍ മദ്യം കളയണ്ട ബില്‍ വാങ്ങിവന്നാല്‍ മതിയെന്നായി പൊലീസ്. പിന്നാലെ നിരപരാധിയാണെന്ന് പൊലീസിന് വ്യക്തമാക്കാന്‍ ബിവറേജില്‍ പോയി സ്റ്റീവ് ബില്ലും വാങ്ങി സ്റ്റേഷനില്‍ ഹാജരാക്കി.
Post Your Comments