തിരുവനന്തപുരം: കോവളത്ത് വിദേശിയെ പൊലീസ് അധിക്ഷേപിച്ച സംഭവം ദൗർഭാഗ്യകരമെന്ന് പ്രതികരിച്ച ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനി പരിഹസിച്ച് അഡ്വ. ജയശങ്കർ. ലോക സംസ്കാരത്തിന് സഖാക്കൾ നൽകിയ ഏറ്റവും വലിയ സംഭാവനയാണ് അളള് എന്നും അതിനാൽ അളളിനെ കുറിച്ച് മിണ്ടിപ്പോകരുതെന്നും അളളിനെ തളളിപ്പറയുന്നത് മാർക്സിസം- ലെനിനിസത്തെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പരിഹസിച്ചു.
‘അളളിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത്. 1969ൽ രണ്ടാം ഇഎംഎസ് മന്ത്രിസഭയുടെ പതനത്തിനു ശേഷം സി അച്യുതമേനോൻ ബദൽ മന്ത്രിസഭ രൂപീകരിച്ച സമയത്ത്, മാർക്സിസ്റ്റു ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത രഹസ്യായുധമാണ് ‘അളള്’. നാല് ആണിയുണ്ടെങ്കിൽ ഒരു അളളുണ്ടാക്കാം. ബസ്സിന്റെ ടയർ പഞ്ചറാക്കാൻ അത്യുത്തമം. ലോക സംസ്കാരത്തിന് സഖാക്കൾ നൽകിയ ഏറ്റവും വലിയ സംഭാവനയാണ് അളള്. അളളിനെ തളളിപ്പറയുന്നത് മാർക്സിസം- ലെനിനിസത്തെ വഞ്ചിക്കുന്നതിന് തുല്യമാണ്. മരുമകൻ സഖാവേ, പോലീസിനെ കുറ്റപ്പെടുത്തിക്കൊളളൂ, പക്ഷേ അളളിനെ തൊട്ടു കളിക്കരുത്’, അഡ്വ. ജയശങ്കർ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.
സംഭവം സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായ കാര്യമാണെന്നും ബന്ധപ്പെട്ട വകുപ്പ് അന്വേഷിച്ച് നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ടൂറിസ്റ്റുകളോടുള്ള പൊലീസ് സമീപനത്തില്‍ മാറ്റം വരണമെന്നും സർക്കാരിന് അള്ളു വെയ്ക്കുന്ന പ്രവണത അനുവദിക്കില്ലെന്നും ഇത്തരം കാര്യങ്ങൾ ടൂറിസത്തിന് തിരിച്ചടിയാക്കുമെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേര്‍ത്തിരുന്നു. ഈ പ്രസ്താവനയെ ആണ് ജയശങ്കർ പരിഹസിച്ചത്.
Post Your Comments