ന്യൂഡല്‍ഹി: രാജ്യത്തെ വിദേശ മൊബൈല്‍ നിര്‍മാണ കമ്പനികളില്‍ ആദായനികുതി വകുപ്പ് വ്യാപക റെയ്ഡ് നടത്തി. കമ്പനി ഓഫീസുകളിലും കമ്പനിയുമായി ബന്ധപ്പെട്ട വ്യക്തികളുടെ ഓഫീസുകളിലുമാണ് പരിശോധന നടന്നത്. തമിഴ്നാട്, കര്‍ണാടക, അസം, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ 11 സംസ്ഥാനങ്ങളിലായിരുന്നു പരിശോധന. ആദായനികുതി വകുപ്പ് തന്നെയാണ് പരിശോധനയുടെ വിവരം പുറത്തുവിട്ടത്.
വിദേശത്ത് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രണ്ട് വമ്പന്‍ കമ്പനികളുടെ ഓഫീസുകളിലായിരുന്നു പരിശോധനയെന്ന് ധനമന്ത്രാലയം അറിയിച്ചു. മൊബൈല്‍ നിര്‍മാണത്തിനുളള സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നികുതി വെട്ടിപ്പ് ഉള്‍പ്പെടെയുളള ക്രമക്കേടുകള്‍ ഉണ്ടോയെന്നായിരുന്നു പരിശോധന. കമ്പനികളുടെ റോയല്‍റ്റി ക്ലെയിമിലും പരിശോധന നടന്നതായി ധനമന്ത്രാലയം അറിയിച്ചു.
മൊബൈല്‍ നിര്‍മാണത്തിനുളള വസ്തുക്കള്‍ വാങ്ങിയതില്‍ കമ്പനികള്‍ 1961 ലെ ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. 1000 കോടിയോളം രൂപയുടെ വീഴ്ചയാണ് കണ്ടെത്തിയതെന്നാണ് വിവരം. കമ്പനികളിലെ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളും പരിശോധിച്ചു.
42 കോടി രൂപ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റാന്‍ ശ്രമിച്ചതിന്റെ രേഖകളും റെയ്ഡില്‍ കണ്ടെടുത്തു. ഡല്‍ഹി എന്‍സിആര്‍, മദ്ധ്യപ്രദേശ്, ആന്ധ്ര പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും പരിശോധന നടന്നു.
Post Your Comments