തിരുവനന്തപുരം: മാസപ്പടി വാങ്ങിയിട്ടുണ്ടെങ്കില്‍ അത് ആരായാലും നിയമത്തിന് മുന്നില്‍ വരേണ്ടി വരുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇ.ഡി അന്വേഷണം സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി മുഹമ്മദ് റിയാസിനെയും കൊള്ളിച്ച് സുരേന്ദ്രൻ മറുപടി നൽകിയത്. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തില്‍ സര്‍ക്കാരിന് ഭയമില്ലെന്നും തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല തങ്ങളുടേതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. പിന്നാലെയാണ് സുരേന്ദ്രന്റെ പരിഹാസം.
‘തുമ്മിയാല്‍ മൂക്ക് തെറിക്കണമെന്ന് ഞങ്ങളാരോടും പറഞ്ഞിട്ടില്ല. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നേ പറഞ്ഞിട്ടുള്ളൂ. അതിപ്പോള്‍ ഭര്‍ത്താവായാലും മരുകനായാലും അമ്മായിയപ്പനായാലും ഉപ്പുതിന്നവന്‍ വെള്ളം കുടിക്കും. മാസപ്പടി വാങ്ങിയിട്ടുണ്ടെങ്കില്‍, അനധികൃതമായി കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ എത്ര ഉന്നതനായാലും നിയമത്തിന് അതീതനല്ല. അഴിമതി നടത്തിയിട്ടില്ലെങ്കില്‍ ആരും തുമ്മാനും പോകുന്നില്ല ആരുടെയും മൂക്ക് തെറിക്കാനും പോകുന്നില്ല. അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ ആര് ശ്രമിച്ചാലും മൂക്ക് തെറിക്കാതിരിക്കുകയുമില്ല.
കേരളത്തിലെ സഹകരണ മേഖലയില്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും നേതൃത്വത്തില്‍ അഴിമതി നടക്കുന്നുണ്ട്. അതിന്റെ പേരിലാണ് ഇവരുടെ ഇപ്പോഴത്തെ ഐക്യം. പിണറായി വിജയനും മകളും മാസപ്പടി വാങ്ങിയിട്ടുണ്ടെങ്കില്‍ രമേശ് ചെന്നിത്തല അടക്കമുള്ളവരും വാങ്ങിയിട്ടുണ്ട്. അഴിമതി നടത്തിയവരുടെ വേവലാതിയാണ് ഐക്യപ്പെടലിന് കാരണം. ഈ അഴിമതിക്കാര്‍ക്കെതിരെ ആണ് എന്‍ഡിഎയുടെ പോരാട്ടം’, സുരേന്ദ്രൻ പറഞ്ഞു.
Post Your Comments