ന്യൂയോർക്ക്: വിമാനയാത്രക്കിടെ കോവിഡ് സ്ഥിരീകരിച്ച യുവതി ശുചിമുറിയിൽ ക്വാറന്‍റീനിൽ കഴിഞ്ഞത് മൂന്നു മണിക്കൂർ. ഡിസംബർ 19ന് ചിക്കാഗോയിൽനിന്ന് ഐസ്ലാൻഡിലേക്കുള്ള യാത്ര മധ്യേയാണ് യുവതിക്ക് രോഗബാധ കണ്ടെത്തുന്നത്. യാത്രക്കിടെ തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മിഷിഗണിൽനിന്നുള്ള അധ്യാപിക മരിസ ഫോട്ടിയോക്ക് ശുചിമുറിയിൽ പോയി റാപ്പിഡ് കോവിഡ് പരിശോധന നടത്തുകയായിരുന്നു.
തുടർന്ന് പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതോടെ യാത്ര പൂർത്തിയാകുന്നതുവരെ വിമാനത്തിലെ ശുചിമുറിയിൽതന്നെ കഴിയുകയായിരുന്നു. അതേസമയം, മരിസ വിമാനത്തിൽ കയറുന്നതിനു മുമ്പ് രണ്ടു തവണ പിസിആർ പരിശോധനയും അഞ്ചു തവണ റാപ്പിഡ് പരിശോധനയും നടത്തിയിരുന്നു. എന്നാൽ ഫലം നെഗറ്റീവായിരുന്നു.
കോവിഡ് വാക്സിനു പുറമെ ബൂസ്റ്റർ ഡോസും എടുത്തിരുന്ന മരിസക്ക് യാത്ര ഒന്നര മണിക്കൂർ പിന്നിട്ടതോടെയാണ് തൊണ്ടവേദന അനുഭവപ്പെട്ടത്. രോഗം സ്ഥിരീകരിച്ചതോടെ വിമാനത്തിലെ ജീവനക്കാരൻ മരിസക്കായി സീറ്റ് ക്രമീകരിക്കാൻ ശ്രമം നടത്തിയെങ്കിലും നിറയെ യാത്രക്കാരായതിനാൽ നടന്നില്ല. ശേഷം കുളിമുറിയിൽതന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു.
Post Your Comments