ന്യൂഡല്‍ഹി: കൊവിഡ് വകഭേദമായ ഒമിക്രോണിനെ പ്രതിരോധിക്കുന്നതിന് ശാസ്ത്രീയ സമീപനം രാജ്യങ്ങള്‍ സ്വീകരിക്കണമെന്ന് ലോകാരോഗ്യസംഘടന മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥന്‍. രാത്രികാലങ്ങളില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണം കൊവിഡ് പ്രതിരോധത്തിന് സഹായിക്കുമെന്നത് തെളിഞ്ഞിട്ടില്ലെന്നും സി എന്‍ ബി സി ടി.വി 18ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
ഇന്ത്യയിലെ പല നഗരങ്ങളിലും കൊവിഡ് വ്യാപനം രൂക്ഷമായേയ്ക്കാമെന്നും ഒമിക്രോണ്‍ രോഗികളുടെ എണ്ണം വര്‍ധിച്ചേക്കാമെന്നും അവര്‍ പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചവര്‍ ഏത് വാക്‌സിനാണ് സ്വീകരിച്ചതെന്നും എത്രകാലം മുമ്പ് അവര്‍ വാക്‌സിന്‍ സ്വീകരിച്ചുവെന്നും പരിശോധിക്കണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. ബൂസ്റ്റര്‍ ഡോസ് നല്‍കേണ്ടത് ഏത് വിഭാഗത്തിനാണെന്ന് അതാത് രാജ്യങ്ങള്‍ തീരുമാനിക്കണം.
രോഗം ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ള വിഭാഗത്തിന് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കണമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിലപാടെന്ന് അവര്‍ വ്യക്തമാക്കി. ഒമിക്രോണുമായി ബന്ധപ്പെട്ട് രാജ്യങ്ങളുടെ സ്ഥിതി വിലയിരുത്തി ജാഗ്രത പുലര്‍ത്തണമെന്നും ഒരിക്കലും പരിഭ്രാന്തരാകരുതെന്നും അവര്‍ പറഞ്ഞു.
Post Your Comments