തിരുവനന്തപുരം : കേരളത്തിലെ ക്രൈസ്തവർ സഭാ വ്യത്യാസമില്ലാതെ നൂറ്റാണ്ടുകളായി നടത്തി വരുന്ന പുതുവർഷാരംഭ പ്രാർത്ഥന തടസ്സപ്പെടുത്തരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. രാത്രി 10 മണിക്ക് ശേഷം സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് സുധാകരൻ ഇക്കാര്യം പറഞ്ഞത്.
പുതുവർഷാരംഭം പാതിരാ കുർബാന ഉൾപ്പെടെയാണ് ക്രൈസ്തവ സമൂഹം ആചരിക്കുന്നത്. സർക്കാർ ഈ പ്രാർത്ഥന അനുവദിക്കാതിരിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ പങ്കെടുക്കുന്ന നിരവധി പരിപാടികൾ സംസ്ഥാനത്തുടനീളം യാതൊരു വിധ പ്രോട്ടോക്കോളും പാലിക്കാതെ നടക്കുന്നുണ്ട്. മറ്റ് പല മത ആചാരങ്ങൾക്കും തീർത്ഥാടനങ്ങൾക്കും ഇളവ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ക്രൈസ്തവ സമൂഹത്തിന്റെ പ്രാർത്ഥനകൾക്ക് വിലക്ക് കല്പിക്കുന്നത് അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണെന്നും സുധാകരൻ പറഞ്ഞു.
Read Also : കാശ്മീരിലെ യുവാക്കളെ ഭീകരവാദത്തിന് പ്രേരിപ്പിക്കുന്നത് പാക്കിസ്ഥാന്‍: കൊല്ലപ്പെട്ട ഭീകരന്റെ ഭാര്യ
ക്രൈസ്തവർ കുടുംബസമേതം പള്ളികളിൽ പോയി പ്രാർത്ഥിക്കുന്ന പ്രധാനപ്പെട്ട ചടങ്ങുകളിൽ ഒന്നാണിത്. പല പള്ളികളിലും രാത്രി പത്ത് മണിക്ക് ശേഷം ആണ് പ്രാർത്ഥന നടക്കുന്നത്. ക്രൈസ്തവ സമൂഹത്തിന് പാതിരാ പ്രാർത്ഥനകളിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കുന്ന നടപടികളിൽ നിന്ന് സർക്കാർ അടിയന്തരമായി പിന്മാറണമെന്നും ആചാരപ്രകാരം പ്രാർത്ഥനകൾ നടത്താൻ ക്രിസ്തുമത വിശ്വാസികളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments