കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ദേശീയ വക്താവ് സംബിത് പത്ര രംഗത്ത്. പ്രിയങ്ക ഗാന്ധിയുടേത് സെലക്ടീവ് രാഷ്ട്രീയമാണെന്നും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ നടത്തുന്ന പരാമർശങ്ങൾ കാണുമ്പോൾ തന്നെ അത് വ്യക്തമാണെന്നും പത്ര ചൂണ്ടിക്കാട്ടി. രാജസ്ഥാനിലും മറ്റ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും സ്ത്രീകൾക്കും ദളിതർക്കും നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പ്രിയങ്ക ഇപ്പോഴും മൗനത്തിലാണെന്നും ഇതിനെതിരെ ഒരിക്കൽ പോലും ശബ്ദമുയർത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read:ആണവായുധ നിർമ്മാണം : ഇറാൻ കടുംപിടുത്തം ഉപേക്ഷിക്കണമെന്ന് സൗദി അറേബ്യ
ഉത്തർപ്രദേശിൽ വർധിച്ചുവരുന്ന ജാതീയ കുറ്റകൃത്യങ്ങളും സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളും സംബന്ധിച്ച് പ്രിയങ്ക ഗാന്ധി ഉത്തർപ്രദേശ് സർക്കാരിനെ കടന്നാക്രമിച്ചതിന് പിന്നാലെയാണ് പത്രയുടെ പ്രസ്താവന. ‘ഉത്തർപ്രദേശിൽ നിന്നുള്ള നിരവധി പെൺകുട്ടികൾ പ്രധാനമന്ത്രി മോദിയെ വാഴ്ത്തി പാടുന്നതിന്റെ വീഡിയോ പ്രിയങ്ക ഗാന്ധി കാണണം. രാജസ്ഥാനിൽ ദളിതർക്കും സ്ത്രീകൾക്കുമെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് മൗനം പാലിക്കുന്ന അവർ സെലക്ടീവ് രാഷ്ട്രീയത്തിൽ ആണ് വിശ്വസിക്കുന്നതെന്ന് വ്യക്തം’, പത്ര പറഞ്ഞു.
തെറ്റായ കണക്കുകൾ പറഞ്ഞ് ഭാരതീയ ജനതാ പാർട്ടിയുടെ വികസന രാഷ്ട്രീയത്തെ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യാനാണ് പ്രിയങ്ക ഗാന്ധി ഇപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും അവർ പറഞ്ഞു. ഉത്തർപ്രദേശിലെ അമേഠി ജില്ലയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ ഒരാൾ നിഷ്കരുണം മർദിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ബിജെപിയും കോൺഗ്രസും തമ്മിലുള്ള തർക്കം രൂക്ഷമായത്.
Post Your Comments