ഡെറാഡൂണ്‍: രാജ്യത്തിന് പുതുവത്സര സമ്മാനം നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. 17,500 കോടിയുടെ ജനക്ഷേമ പദ്ധതികളാണ് പ്രധാനമന്ത്രി വ്യാഴാഴ്ച ഉദ്ഘാടനം ചെയ്തത് . ഹല്‍ദ്വാനില്‍ നടന്ന ചടങ്ങില്‍ ഉത്തരാഖണ്ഡിലെ 23 പദ്ധതികള്‍ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത്. ഉദംസിംഗ് നഗറില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ ശാഖയ്ക്കും അദ്ദേഹം തറക്കല്ലിട്ടു.
ഹല്‍ദ്വാനിയുടെ മുഖച്ഛായ തന്നെ മാറ്റുന്ന ഒട്ടേറെ പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചത്. കുടിവെള്ളം, റോഡ്, പാര്‍ക്കിങ്ങ്, ഓടകള്‍, തെരുവുവിളക്കുകള്‍ എന്നിവയുടെ വികസനത്തിന് വേണ്ടി മാത്രം 2000 കോടി രൂപയാണ് ചെലവിടുന്നത്. ജനങ്ങള്‍ക്കുള്ള പുതുവത്സര സമ്മാനമാണ് ഇതെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അടുത്ത പത്തുവര്‍ഷം ഉത്തരാഖണ്ഡിന്റെ ദശകമാക്കി മാറ്റുമെന്ന് അദ്ദേഹം ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
1976 മുതല്‍ ഉത്തരാഖണ്ഡ് ജനതയുടെ സ്വപ്നമായി നില്‍ക്കുന്ന ലാഖ്വര്‍ മള്‍ട്ടിപര്‍പ്പസ് പ്രൊജക്ടിനും അദ്ദേഹം ജീവന്‍ നല്‍കി. 5,750 കോടി രൂപ ചിലവ് വരുന്നതാണ് പദ്ധതി. പദ്ധതിയിലൂടെ 34,000 ഹെക്ടറിലധികം ഭൂമിയില്‍ ജലസേചനം സാദ്ധ്യമാക്കുകയും 300 മെഗാവാട്ട് ജലവൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും സാധിക്കും. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഹരിയാന, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങി 6 സംസ്ഥാനങ്ങള്‍ക്ക് കുടിവെള്ളം നല്‍കാനും പദ്ധതിയിലൂടെ സാധിക്കും.
450 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പിത്തോറഗഡിലെ ജഗ്ജീവന്‍ റാം ഗവണ്‍മെന്റ് ഹോസ്പിറ്റല്‍, 500 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന എയിംസ് ഋഷികേശ് സാറ്റ്ലൈറ്റ് കേന്ദ്രം തുടങ്ങിയവ ഉത്തരാഖണ്ഡിലെ അതിര്‍ത്തി പ്രദേശത്തെ ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകും. മൊറാദാബാദ്-കശിപൂര്‍ റോഡ് നാലുവരിയാക്കുന്നതിനുള്ള പദ്ധതി, പുതിയ ദേശീയപാത, ഉദംസിംഗില്‍ എട്ട് കിലോമീറ്റര്‍ നീളമുള്ള ബൈപാസ്, തുടങ്ങിയ പദ്ധതികള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു.
Post Your Comments