ThiruvananthapuramLatest NewsKeralaNattuvarthaNewsCrime

കാണരുതാത്ത സമയത്ത് വീട്ടിൽ ഒരു പയ്യനെ കണ്ടാൽ ഏതൊരു അച്ഛനും തോന്നുന്ന അവസ്ഥയാണ് ആ മനുഷ്യനും സംഭവിച്ചത്: അഞ്‍ജു പാർവതി

'വീടുകളിലെ രണ്ടാം നിലകൾ ഇന്ന് പല കുട്ടികൾക്കും തങ്ങളുടെ തോന്ന്യാസം ചെയ്യാനുള്ള വേദികളാണ്. വീട്ടുകാരറിയാതെ പ്രസവവും കുഞ്ഞിനെ കൊല്ലല്ലും വരെ അവിടെ നടക്കുന്നു'

തിരുവനന്തപുരം: പേട്ടയില്‍ അനീഷ് ജോര്‍ജിന്റെ കൊലപാതകത്തില്‍ സോഷ്യൽ മീഡിയകളിൽ ചർച്ചകൾ കൊഴുക്കുകയാണ്. കൊലപാതകം ചെയ്ത ലാലനെ ന്യായീകരിച്ചും കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് വാദിച്ചും ചിലർ സോഷ്യൽ മീഡിയ നിറയുന്നു. കാണരുതാത്ത സമയത്ത് സ്വന്തം വീട്ടിൽ ഒരു പയ്യനെ കണ്ടാൽ ഏതൊരു അച്ഛനും തോന്നുന്ന അവസ്ഥയാണ് ലാലൻ എന്ന പിതാവിന് സംഭവിച്ചതെന്ന് അഞ്‍ജു പാർവതി എഴുതുന്നു. ആ സമയത്ത് ആ ചെയ്തിയെ പത്തൊമ്പതു വയസ്സുള്ള ഒരു കുട്ടിയുടെ കൗമാരചാപല്യമായി കണ്ട് ഉപദേശിക്കാൻ എത്ര പേർക്ക് കഴിയുമെന്നറിയില്ലെന്നും ആ പിതാവിന് അതിനു സാധിച്ചില്ലെന്നും അഞ്‍ജു കുറിച്ചു.

അഞ്‍ജു പാർവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

സൈമൺ ലാലയെന്ന പ്രവാസിയായ അച്ഛൻ തന്റെ വീട്ടിൽ വെളുപ്പിന് ദുരൂഹസാഹചര്യത്തിൽ അയൽവാസിയായ അനീഷിനെ കാണുന്നു. സൈമണിന്റെ മകളും ഈ പയ്യനും പയ്യന്റെ അമ്മയുമൊക്കെ ഒരേ പള്ളിയിലെ ക്വയറിൽ പാടുന്നവരാണ്. ( രാവിലെ ചില വാർത്തകൾക്ക് കീഴേ ലാലു എന്ന പേരും അനീഷ് ജോർജ്ജ് എന്ന പേരും മാത്രം കണ്ട് പാലാ ബിഷപ്പിനെ വരെ സ്മരിച്ച കമന്റുകളുണ്ട് ) . കാണരുതാത്ത സമയത്ത് സ്വന്തം വീട്ടിൽ ഒരു അയൽവാസി പയ്യനെ കണ്ടാൽ ഏതൊരു അച്ഛനും തോന്നുന്ന അവസ്ഥയുണ്ടല്ലോ – അതായത് വികാരം വിവേകത്തെ മറികടക്കുന്ന ഒന്ന് അതാണ് ആ മനുഷ്യനും സംഭവിച്ചത്. . ആ സമയത്ത് ആ ചെയ്തിയെ പത്തൊമ്പതു വയസ്സുള്ള ഒരു കുട്ടിയുടെ കൗമാരചാപല്യമായി കണ്ട് ഉപദേശിക്കാൻ എത്ര പേർക്ക് കഴിയുമെന്നറിയില്ല. എന്തായാലും ഈ അച്ഛന് അത് കഴിഞ്ഞില്ല ! അതി തീവ്രമായ വൈകാരികതയോടെ അയാൾ പ്രതികരിച്ചു. ആ പയ്യൻ കൊല്ലപ്പെട്ടു. സൈമൺ ലാലയെന്ന അച്ഛന്റെ മാനസികാവസ്ഥ പോലെ തന്നെ ചർച്ച ചെയ്യപ്പെടേണ്ട ഒന്നാണ് മരണപ്പെട്ട പയ്യന്റെ മാതാപിതാക്കളുടെ ദയനീയ അവസ്ഥയും. വീട്ടിൽ നിന്നും വെറും 800 മീറ്ററുകൾക്കകലെ സ്വന്തം മകൻ മരണപ്പെട്ടതറിയാതെ ഉറങ്ങിയ ആ അച്ഛനും അമ്മയും നേരം പുലർന്നപ്പോൾ കേട്ട വാർത്ത സഹിക്കുന്നതെങ്ങനെ?

Also Read:സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് തന്നെ പോകുമെന്ന് കെ എൻ ബാലഗോപാൽ

ഇനി സംഭവത്തിലെ പെൺകുട്ടിയെയും ആൺകുട്ടിയെയും കുറിച്ച് കൂടി പറയണം . പതിനാറു വയസ്സുള്ള ഒരു മോളും പത്തൊമ്പത് വയസ്സുള്ള ഒരു മോനും. ഇതേ പ്രായത്തിലുള്ള കുറേ കുട്ടികളെ പഠിപ്പിച്ച ഒരു അദ്ധ്യാപികയെന്ന നിലയിൽ അവരെ കുറ്റപ്പെടുത്താൻ കഴിയുന്നില്ല. ഈ പ്രായത്തിലെ കുട്ടികൾക്ക് എന്ത് പരിശുദ്ധ പ്രണയം ? അതൊക്കെ നിർവ്വചിക്കാനുള്ള ഒരു പാകത അവർക്കുണ്ടോ ? മാംസനിബദ്ധമല്ല രാഗം എന്നതൊക്കെ ഇന്നത്തെ കുഞ്ഞുങ്ങൾക്ക് മനസ്സിലാകുമോ ? തെറ്റും ശരിയും പ്രണയവും കാമവുമൊക്കെ വേർതിരിച്ചറിയാനുള്ള പാകത അവർക്കുണ്ടാകുമോ ഈ പ്രായത്തിൽ ? വളർത്തു ദോഷം എന്ന ഉപായത്തിലൂന്നി നമുക്ക് അവരെ വിമർശിക്കാം; കല്ലെടുത്തെറിയാം. പക്ഷേ നമുക്കുള്ള ചുറ്റുപാടും സോഷ്യൽ സെറ്റിംഗ്സും ആ പ്രായത്തിലുള്ള കുഞ്ഞുങ്ങളെ നേർ വഴിക്ക് നടത്താൻ പാകത്തിലുള്ളതാണോ ? ഡേറ്റിങ്ങ് ഇല്ലെങ്കിൽ സോഷ്യൽ സ്റ്റാറ്റസ് ആവില്ലെന്നു ധരിച്ചിരിക്കുന്ന പുത്തൻ തലമുറയ്ക്ക് എന്ത് ഗൈഡൻസാണ് കൊടുക്കാൻ നമുക്ക് കഴിയുന്നത് ? എന്റെ ശരീരം, എന്റെ സ്വാതന്ത്ര്യം എന്ന വാഴ്ത്തുപ്പാട്ടിന്റെ അകമ്പടിയോടെ നവോത്ഥാനമെന്നാർത്തു വിളിക്കുന്നവരിൽ നിന്നും എന്ത് പാഠമാണ് കുഞ്ഞുങ്ങൾ പഠിക്കേണ്ടത് ? വീടുകളിലെ രണ്ടാം നിലകൾ ഇന്ന് പല കുട്ടികൾക്കും തങ്ങളുടെ തോന്ന്യാസം ചെയ്യാനുള്ള വേദികളാണ്. വീട്ടുകാരറിയാതെ പ്രസവവും കുഞ്ഞിനെ കൊല്ലല്ലും വരെ അവിടെ നടക്കുന്നു. പാരന്റ് ഹുഡ് എന്നാൽ മക്കൾക്ക് എല്ലാവിധ തോന്ന്യാസങ്ങൾക്കുമുള്ള സൗകര്യമൊരുക്കൽ എന്നല്ല. അവരുടെ വൃക്തിത്വവികസനത്തിന് നമ്മൾ വഴി ഒരുക്കേണ്ടത് മുകൾനിലയിലെ മുറി സ്വകാര്യമായി പതിച്ചു നല്കി പേഴ്സണൽ സ്പേസ് ഒരുക്കിയല്ല . നിങ്ങളുടെ മനസ്സിൽ അവർക്കായി പേഴ്സണൽ സ്പേസ് ഒരുക്കിയാണ് .

Also Read:തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്ന് വേട്ട: യുവാവ് അറസ്റ്റില്‍

സിനിമയിൽ തന്റെ ആണത്തം കാണിക്കാൻ നായകൻ പാതിരാത്രിയോ കൊച്ചുവെളുപ്പാൻ കാലത്തോ കാമുകിയുടെ വീട്ടിലെ മതിലു ചാടിയാൽ അത് ഹീറോയിസം. ഭഗീരഥൻ പിള്ളയുടെ വീട്ടിൽ രാത്രി മതിലു ചാടി ഓടിളക്കി എന്റെ എല്ലാമെല്ലാം അല്ലേന്നു മകളെ നോക്കി പാടിയ മീശ മാധവനു നിറഞ്ഞ കൈയ്യടി . രാത്രി ആരുമില്ലാത്ത വീട്ടിലേയ്ക്ക് മാത്തനെ വിളിച്ചു കയറ്റിയ അപ്പു daring പെണ്ണാണ്. ഒരു പെണ്ണ് വിളിച്ചപ്പോൾ പാതിരാത്രി വീട്ടിൽ ചെന്ന മാത്തൻ നമ്മുടെ പൊതുബോധത്തിന് മുന്നിൽ ദിവ്യപ്രണയമുള്ള പുരുഷുവാണ്. അങ്ങനെയെത്രയെത്ര നരേഷൻസ് . പക്ഷേ ജീവിതത്തിൽ ഒരു പയ്യൻ കാമുകിയുടെ വീട്ടിലെ മതിലു ചാടിയാൽ അവിടെ പ്രേമവുമില്ല കോപ്പുമില്ല; ആകെ കാമം മാത്രം ! അവൻ പടമായി തീരണമെന്നാണ് പൊതുബോധത്തിന്റെ ആജ്ഞ! മാധ്യമങ്ങൾ അര മണിക്കൂറിടവിട്ട് പേട്ടയിലെ കൊലപാതക വാർത്ത പൊടിപ്പും തൊങ്ങലും വച്ച് എഴുതിക്കൊണ്ടേയിരിക്കുന്നു. ഓരോ വാർത്തയ്ക്ക് കീഴേയും കാണാം പൊളിറ്റിക്കൽ കറക്ട്നെസ്സ് കൂട്ടത്തോടെയെടുത്ത് കത്തിച്ചു വലിക്കുന്ന മനുഷ്യരെ . ! ചിലർക്കിത് അച്ഛന്റെ വീരസാഹസികതയാണ്. മറ്റു ചിലർക്ക് പെണ്ണിന്റെ സ്വഭാവദൂഷ്യം കൊണ്ടുണ്ടായ ദുര്യോഗമാണ്. വേറെ കുറേപ്പേർക്ക് ചെറുക്കൻ അസമയത്ത് മതിലു ചാടിയതിനുള്ള ശിക്ഷയാണ്. വിചാരണ അങ്ങനെ പൊടിപ്പൊടിക്കുകയാണ്. നടക്കട്ടെ ! കുറച്ചു നാൾ കൂടി കിട്ടിയ നല്ല എരിവുള്ള വാർത്തയല്ലേ ; അപ്പോൾ ആ രീതിയിൽ ചൂടോടെ വിളമ്പുകയും ചൂടാറാതെ തന്നെ അണ്ണാക്കിൽ തള്ളുകയും വേണമല്ലോ! ഇതിൽ ആരാണ് തെറ്റുകാർ ? ആരെയെങ്കിലും വിമർശിക്കാൻ തക്ക ശരിയുടെ പക്ഷത്ത് മാത്രം സഞ്ചരിക്കുന്നവരാണോ നമ്മൾ ? ഓരോരുത്തരും ആത്മ വിശകലനം നടത്തുക ! നമ്മളിൽ പാപം ചെയ്യാത്തവർ അവരെ കല്ലെറിയട്ടെ ! തല്ക്കാലം ഞാൻ ആരെയും കല്ലെറിയാൻ മുതിരുന്നില്ല !

shortlink

Related Articles

Post Your Comments

Related Articles


Back to top button