Latest NewsKeralaIndia

നടിയെ ആക്രമിച്ച കേസിൽ അസാധാരണ സംഭവങ്ങൾ : വിചാരണ കോടതി നടപടികളിൽ പ്രതിഷേധിച്ച് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു

ബുധനാഴ്ച നടന്ന വിചാരണയ്‌ക്കിടെ പ്രോസിക്യൂട്ടർ കോടതി മുറിയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു.

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വീണ്ടും സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു. അഡ്വക്കേറ്റ് വി എൻ അനിൽ കുമാർ ആണ് രാജിവെച്ചത്. കേസിന്റെ വിചാരണയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെയ്‌ക്കുന്നത്. വിചാരണ കോടതി നടപടികളിൽ പ്രതിഷേധിച്ചാണ് രാജി. സുപ്രധാന മൊഴികൾ രേഖപ്പെടുത്തുന്നില്ലെന്നായിരുന്നു വിചാരണ കോടതിയ്‌ക്കെതിരെ പ്രോസിക്യൂഷൻ ഉയർത്തിയ പ്രധാന വിമർശനം.

ഇതിന് പുറമേ കേസിൽ നിർണായകമായേക്കാവുന്ന സാക്ഷികളെ വീണ്ടും വിചാരണ ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യവും, ശബ്ദരേഖകളുടെ ഒറിജിനൽ പതിപ്പ് ശേഖരിക്കണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു. ഒപ്പം പ്രധാനപ്പെട്ട കാര്യങ്ങളിൽ പ്രോസിക്യൂഷന് വിരുദ്ധമായ നിലപാട് ആയിരുന്നു വിചാരണ കോടതി സ്വീകരിച്ചിരുന്നത്. ഇതെല്ലാമാണ് രാജിയ്‌ക്ക് കാരണം. ബുധനാഴ്ച നടന്ന വിചാരണയ്‌ക്കിടെ പ്രോസിക്യൂട്ടർ കോടതി മുറിയിൽ നിന്നും ഇറങ്ങിപ്പോയിരുന്നു.

വിചാരണ കോടതി നടപടികളിൽ അതൃപ്തനായതോടെയാണ് ആദ്യ പ്രോസിക്യൂട്ടറും രാജിവെച്ചത്. ഇതിന് ശേഷം ജനുവരി നാലിനായിരുന്നു പുതിയ പ്രോസിക്യൂട്ടറായി വി എൻ അനിൽ കുമാറിനെ നിയമിച്ചത്.നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഇതിനിടെയാണ് അസാധാരണ സംഭവങ്ങൾ അരങ്ങേറുന്നത്.

നേരത്തെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ നടൻ ദിലീപിനെതിരെ തുടരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് വിചാരണ കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ രാജി. രാജിക്കാര്യം അറിയിച്ചുകൊണ്ടുള്ള കത്ത് അദ്ദേഹം ബന്ധപ്പെട്ടവർക്ക് കൈമാറി. കത്തിലെ വിവരങ്ങൾ പൂർണമായി പുറത്തുവന്നിട്ടില്ല. വിചാരണ കോടതിയുടെ ഇടപെടലുകൾക്കെതിരെ നേരത്തെയും അദ്ദേഹം രംഗത്ത് വന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button