തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പു കേസിൽ നടി ശ്രുതി ലക്ഷ്മിയെ ഇ.ഡി ചോദ്യം ചെയ്യുന്നു. കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലുമായുള്ള ബന്ധം എന്തെന്നും സാമ്പത്തിക ഇടപാട് എന്തൊക്കെയെന്ന് അറിയാനാണ് ചോദ്യം ചെയ്യല്‍. മോന്‍സണിന്റെ വീട്ടില്‍ നടന്ന പിറന്നാള്‍ ആഘോഷത്തില്‍ ശ്രുതി നൃത്തം അവതരിപ്പിച്ചിരുന്നു. കൂടാതെ മുടി കൊഴിച്ചില്‍ സംബന്ധിച്ച് ശ്രുതി മോന്‍സണില്‍ നിന്ന് ചികിത്സയും തേടിയിരുന്നു. ഇതാണ് ചോദ്യം ചെയ്യലിലേക്ക് നയിച്ചത്.
എന്നാല്‍ തനിക്ക് മോന്‍സണുമായി പ്രൊഫഷണല്‍ ബന്ധം മാത്രമേയുള്ളൂ എന്ന് വിവാദങ്ങള്‍ക്ക് പിന്നാലെ ശ്രുതി പ്രതികരിച്ചിരുന്നു. താനും മോന്‍സന്‍ മാവുങ്കലും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഒരാളുടെ ജീവിതം തകര്‍ക്കുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അവര്‍ പറഞ്ഞിരുന്നു.
മോൻസന്റെ അറസ്റ്റിന് പിന്നാലെ ശ്രുതി ലക്ഷ്മി പറഞ്ഞതിങ്ങനെ:
‘മോൻസനു വേണ്ടി അവതരിപ്പിച്ച പരിപാടികളുടെ വിഡിയോകളാണ് ഇപ്പോൾ പ്രചരിക്കുന്നത്. തികച്ചും പ്രഫഷനലായ ബന്ധം മാത്രമേ അദ്ദേഹവുമായുള്ളൂ. ഒരു ഡോക്ടർ എന്ന നിലയിലും അദ്ദേഹത്തിൽനിന്നു സേവനം ലഭിച്ചിട്ടുണ്ട്. വളരെ മാന്യമായി ഇടപെടുന്ന വ്യക്തിയായിരുന്നു. എന്നാൽ തട്ടിപ്പുകാരനാണെ വാർത്തകൾ കേട്ട് ഞെട്ടിപ്പോയി. നമ്മളെ ഒരു സിനിമയ്ക്കോ പരിപാടിക്കോ വിളിക്കുമ്പോൾ അവരുടെ ബാക്ക്ഗ്രൗണ്ട് ചികയേണ്ട ആവശ്യമില്ലല്ലോ. പരിപാടികൾക്ക് പേയ്മെന്റ് കൃത്യമായി തരും. ആർട്ടിസ്റ്റുകൾ അതു മാത്രമല്ലേ നോക്കാറുള്ളൂ. ഞാൻ സുരക്ഷിതത്വവും നോക്കിയിരുന്നു. അതും അവിടെ നിന്നും ലഭിച്ചു.
അദ്ദേഹത്തിന്റെ കുടുംബവും ഉണ്ടാകും. ഞങ്ങളും കുടുംബമായിട്ടാണ് പോകുന്നത്. അദ്ദേഹത്തിന്റെ മകളൊക്കെ നല്ല പെരുമാറ്റം ആയിരുന്നു. വളരെ നല്ല കുടുംബമായാണ് തോന്നിയിട്ടുള്ളത്. അദ്ദേഹം ഒരു ഡോക്ടർ ആണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ എന്നെ വളരെ നാളായി വിഷമിപ്പിച്ചിരുന്ന അസുഖമാണ് മുടികൊഴിച്ചിൽ. ഒരുപാട് ആശുപത്രികളിൽ കാണിച്ചിട്ടും രക്ഷയുണ്ടായില്ല. ഒടുവിൽ അദ്ദേഹം മരുന്നു തന്നപ്പോൾ മാറി. അത് എനിക്ക് വളരെ ആശ്വാസം തന്ന കാര്യമായിരുന്നു. ഡോക്‌ടർ അല്ലെന്ന് കേട്ടപ്പോൾ ഞെട്ടി’, ശ്രുതി ലക്ഷ്മി വ്യക്തമാക്കുന്നു.
Post Your Comments