ന്യൂഡൽഹി ∙ ‘ചണ്ഡിഗഡിലേത് ട്രെയിലർ മാത്രം, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലാണ് മുഴുവൻ സിനിമ.’ – ആം ആദ്മി പാർട്ടി നേതാവും പഞ്ചാബ് തിരഞ്ഞെടുപ്പിന്റെ കൂട്ടുചുമതലക്കാരനുമായ രാഘവ് ഛദ്ദയുടെ ഈ വാക്കുകൾ കൂടുതൽ ആഘാതമേൽപിക്കുന്നത് കോൺഗ്രസിനാണ്. ചണ്ഡിഗഡ് മുനിസിപ്പൽ കോർപറേഷനിലൂടെ പഞ്ചാബ് വിജയത്തിനുള്ള ഒരുക്കം പ്രഖ്യാപിക്കാമെന്ന കോൺഗ്രസിന്റെ പ്രതീക്ഷയാണ് തെറ്റിയത്. ചണ്ഡിഗഡിൽ ആകെയുള്ള 35 സീറ്റിൽ ആം ആദ്മി പാർട്ടി 14, ബിജെപി 12, കോൺഗ്രസ് 8, ശിരോമണി അകാലി ദൾ 1 എന്നിങ്ങനെയാണ് ഫലം.
ആം ആദ്മിക്ക് ഭൂരിപക്ഷത്തിന് നാല് സീറ്റിന്റെ കുറവുണ്ട്. ആരുടെ പിന്തുണയോടെ ആം ആദ്മി ഭരിക്കുമെന്നാണ് ഇനി നോക്കേണ്ടത്. ആം ആദ്മി ആദ്യമായാണ് ചണ്ഡിഗഡ് മുനിസിപ്പൽ കോർപറേഷനിൽ മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ഭൂരിപക്ഷമില്ലാത്തപ്പോഴും വിജയം വലുതുമാണ്. സൗജന്യങ്ങളുടെ നീണ്ട പട്ടികയാണ് ആം ആദ്മി ഇത്തവണ പ്രഖ്യാപിച്ചിരുന്നത്: പ്രതിമാസം 20,000 ലീറ്റർ കുടിവെള്ളം, പൊതുസ്ഥലങ്ങളിൽ സൗജന്യ പാർക്കിങ്, വീടുകളിൽനിന്ന് മാലിന്യം ശേഖരിക്കൽ, ഡൽഹിയിലേതുപോലെ മൊഹല്ല ക്ലിനിക്കുകൾ, ഇങ്ങനെപോയി വാഗ്ദാനങ്ങളുടെ നിര. ഈ വാഗ്ദാനങ്ങളോട് വോട്ടർമാർ അനുകൂലമായി പ്രതികരിച്ചുവെന്ന് വേണം കരുതാൻ.
അതേസമയം പഞ്ചാബിൽ തുടർഭരണം ലഭിക്കുമെന്ന പ്രതീക്ഷ കോൺഗ്രസ് ഇപ്പോഴും കൈവിട്ടിട്ടില്ല. എന്നാൽ ആം ആദ്മി തന്നെ ഭൂരിപക്ഷത്തിൽ എത്തുമെന്നാണ് വിലയിരുത്തൽ. അമരീന്ദറിനെ മാറ്റി സിദ്ധുവിനെ ഉയർത്തിക്കാട്ടിയ പ്രിയങ്ക രാഹുൽ തീരുമാനം തെറ്റാണെന്നാണ് കരുതുന്നത്. ഒപ്പം, പാർട്ടിയിൽ നവജ്യോത് സിങ് സിദ്ദുവും മറ്റും നിലനിർത്തുന്ന കലാപത്തിന് ഉടനെ പരിഹാരമാകുമെന്ന പ്രതീക്ഷയുമില്ല.
Post Your Comments