
കൊച്ചി : കിഴക്കമ്പലത്ത് പോലീസിന് നേരെ അന്യസംസ്ഥാന തൊഴിലാളികള്‍ ആക്രമണം നടത്തിയ സംഭവത്തില്‍ കിറ്റക്സ് മാനേജ്മെന്റിനും പങ്കുണ്ടെന്ന് കുന്നത്തുനാട് എം.എല്‍.എ പി.വി ശ്രീനിജന്. കിറ്റക്സ് ഉടമയ്ക്കെതിരെ കേസ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് കിറ്റക്സ് മാനേജ്മെന്റിന് ഒഴിഞ്ഞുമാറാനാകില്ല. അഞ്ച് പേർക്ക് ജീവിക്കാവുന്ന കൂരകളില്‍ പത്തും പതിനഞ്ചും തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. കമ്പനിക്കകത്ത് ഉണ്ടായ പ്രശ്നമാണ് പിന്നീട് പുറത്തേക്ക് വ്യാപിച്ചത്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ മാനേജ്മെന്റ് പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
നാട്ടുകാര്‍ നേരത്തെ തന്നെ ഒരുപാട് തവണ ഈ തൊഴിലാളികള്‍ക്കെതിരെ പരാതി പറഞ്ഞിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് പരിശോധനകള്‍ക്ക് എത്തിയപ്പോള്‍ തങ്ങളെ വേട്ടയാടുന്നു എന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് കിറ്റക്സ് മാനേജ്മെന്റ് ശ്രമിച്ചത്. ഒപ്പം കേരളം വ്യവസായ സൗഹൃദമല്ല എന്ന പ്രചാരണവും മാനേജ്മെന്റ് നടത്തി. ഇതോടെ അന്വേഷണങ്ങള്‍ തുടരാന്‍ സാധിച്ചില്ല. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായ സംഭവങ്ങള്‍. അന്ന് ഇത് കൃത്യമായി പരിഹരിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ ഇന്ന് ഈ സംഭവങ്ങള്‍ ഉണ്ടാകില്ലായിരുന്നു എന്നും പി.വി ശ്രീനിജന് വ്യക്തമാക്കി.
Post Your Comments