ന്യൂഡൽഹി: കേന്ദ്രസർക്കാർ പുറത്തിറക്കിയ സദ്ഭരണ റാങ്കിൽ ഗുജറാത്ത് ഒന്നാം സ്ഥാനത്ത്. മഹാരാഷ്‌ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ആഭ്യന്തരമന്ത്രി അമിത് ഷായാണ് പുതിയ റാങ്കിംഗ് വിവരങ്ങൾ പുറത്തുവിട്ടത്. വാണിജ്യ വ്യവസായം, മാനവവിഭവശേഷി വികസനം, പൊതുജനാരോഗ്യം, പൊതു അടിസ്ഥാന സൗകര്യങ്ങളും വിനിയോഗവും, സാമ്പത്തിക പരിപാലനം, സാമൂഹ്യക്ഷേമം, പരിസ്ഥിതി,ജുഡീഷ്യൽ പബ്ലിക് സെക്യൂരിറ്റി, സിറ്റിസൺ സെൻട്രിക് ഗവേണൻസ് എന്നിവയെല്ലാം പരിഗണിച്ചാണ് സദ്ഭരണ റാങ്കിംഗ് നൽകുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, ഗ്രൂപ്പ് എ സംസ്ഥാനങ്ങൾ ഗ്രൂപ്പ് ബി സംസ്ഥാനങ്ങൾ എന്നിങ്ങനെ നാലായി തിരിച്ചാണ് സൂചിക തയ്യാറാക്കിയത്. ഛത്തീസ്ഗഡ് ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾ മൂന്നും നാലും സ്ഥാനത്തുണ്ട്. കേരളം അഞ്ചാം സ്ഥാനത്താണ്. മുൻ വർഷത്തെക്കാൾ സദ്ഭരണത്തിൽ സംസ്ഥാനങ്ങൾ കാര്യമായ നേട്ടമുണ്ടാക്കിയെന്ന് കേന്ദ്രസർക്കാരിന്റെ ഭരണ-പരിഷ്കാര വകുപ്പ് പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 2019-21 കാലയളവിൽ 8.9 ശതമാനം വളർച്ചയോടെ ഉത്തർപ്രദേശ് നേട്ടമുണ്ടാക്കിയെന്ന് അമിത് ഷാ പറഞ്ഞു.
ജമ്മുകശ്മീർ 3.7 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശങ്ങളുടെ ലിസ്റ്റിലാണ് ജമ്മുകശ്മീർ നേട്ടമുണ്ടാക്കിയത്.വലുപ്പം, വൈവിധ്യം എന്നിവ അടിസ്ഥാനമാക്കി സംസ്ഥാങ്ങളെ എ, ബി ഗ്രൂപ്പുകളായി തിരിച്ചപ്പോൾ ഗുജറാത്ത് ഉൾപ്പെടെയുള്ള പട്ടികയിലാണ് കേരളം ഉൾപ്പെട്ടത്. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, യുപി തുടങ്ങിയ സംസ്ഥാനങ്ങൾ ഗ്രൂപ്പ് ബിയിൽ ഉൾപ്പെട്ടു. ഗ്രൂപ്പ് എയിൽ ഗുജറാത്ത് ഒന്നാമതെത്തിയപ്പോൾ മഹാരാഷ്‌ട്ര, ഗോവ, ഹരിയാന, ആന്ധ്രാപ്രദേശ് എന്നിവയ്‌ക്ക് പിന്നിലായി അഞ്ചാം സ്ഥാനത്തായി കേരളം. ഗ്രൂപ്പ് ബിയിൽ മദ്ധ്യപ്രദേശ് ഒന്നാമതും, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ തുടർ റാങ്കുകളും നേടി.
Post Your Comments