ന്യൂഡല്‍ഹി : 2022 ഏപ്രില്‍-മെയ് മാസങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ ആര് അധികാരത്തിലെത്തും എന്ന് അഭിപ്രായ സര്‍വേ ഫലങ്ങള്‍ പുറത്തുവന്നു. ഇന്ത്യ ന്യൂസ്-ജന്‍ കി ബാത് ആണ് സര്‍വേ ഫലങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഉത്തരാഖണ്ഡ് ബിജെപി നിലനിര്‍ത്തിയേക്കുമെന്നാണ് ഇന്ത്യ ന്യൂസ്-ജന്‍ കി ബാത് പുറത്തുവിട്ട അഭിപ്രായ സര്‍വേഫലം. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി (എഎപി) ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും സര്‍വേ പറയുന്നു.
സീറ്റ് കുറഞ്ഞാലും യുപിയും ബിജെപി നേടുമെന്നാണു സര്‍വേ പ്രവചിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് ഇന്ത്യ ന്യൂസ്- ജന്‍ കി ബാത്ത് അഭിപ്രായ സര്‍വേഫലം. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 20 വരെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അഭിപ്രായ ശേഖരണം നടത്തിയാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ബിജെപിക്ക് വ്യക്തമായ മുന്നേറ്റമാണു സര്‍വേ പ്രവചിക്കുന്നത്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനു മുന്‍പു പുറത്തുവന്ന മറ്റൊരു സര്‍വേയില്‍, 100 സീറ്റിലേറെ ബിജെപിക്കു കുറയുമെങ്കിലും ഭരണം നിലനിര്‍ത്തുമെന്നായിരുന്നു പ്രവചനം. യോഗി ആദിത്യനാഥ് യുപി മുഖ്യമന്ത്രിയായി തുടരുമെന്നും സര്‍വേ പറയുന്നു. ഇപ്പോള്‍ പുറത്തുവന്ന സര്‍വേയില്‍ 233-252 സീറ്റുകള്‍ വരെ ബിജെപി നേടുമെന്നാണു പ്രവചനം.
ഉത്തരാഖണ്ഡിലെ 70 അംഗ നിയമസഭയില്‍ ബിജെപി 35 മുതല്‍ 38 വരെ സീറ്റുകള്‍ നേടുമെന്നാണു പ്രവചനം. കോണ്‍ഗ്രസ് 27 മുതല്‍ 31 സീറ്റുകള്‍ വരെ നേടും. ആറ് സീറ്റുകള്‍ ആംആദ്മി പാര്‍ട്ടി നേടും. പഞ്ചാബിലെ 117 സീറ്റില്‍ 50-57 സീറ്റുകള്‍ വരെ ആം ആദ്മി നേടിയേക്കുമെന്നും കോണ്‍ഗ്രസ് 40-46 സീറ്റുകളും ശിരോമണി അകാലിദള്‍ 16-21 സീറ്റുകളും ബിജെപി 0-4 സീറ്റ് വരെ നേടുമെന്നുമാണു സര്‍വേ പ്രവചിക്കുന്നത്.
ഉത്തരാഖണ്ഡില്‍ 39 ശതമാനം വോട്ടുകള്‍ ബിജെപിക്കു ലഭിക്കുമെന്നു സര്‍വേ പറയുമ്പോള്‍ 38.2 ശതമാനം വോട്ട് കോണ്‍ഗ്രസിനു ലഭിക്കുമെന്നും എഎപി 11.7 ശതമാനം വോട്ട് നേടുമെന്നും സര്‍വേ പറയുന്നു. പഞ്ചാബില്‍ 37.80 ശതമാനം വോട്ട് ആം ആദ്മി പാര്‍ട്ടിയും 34.70 ശതമാനം വോട്ട് കോണ്‍ഗ്രസിനും ബിജെപിക്ക് 5 ശതമാനം വോട്ടും ശിരോമണി അകാലിദള്‍ 20.5 ശതമാനം വോട്ടും നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്.
Post Your Comments