ന്യൂഡല്‍ഹി : കേരളം ഉള്‍പ്പെടെ 10 സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന കോവിഡ് നിരക്കിനെ തുടര്‍ന്ന് കേന്ദ്ര സംഘത്തെ അയയ്ക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് കേസുകള്‍ കൂടി നില്‍ക്കുകയും പരിശോധനയില്‍ വീഴ്ച സംഭവിക്കുകയും ചെയ്ത സംസ്ഥാനങ്ങളിലേക്കാണു കേന്ദ്ര സംഘത്തെ അയയ്ക്കുന്നത്. 3 ദിവസത്തിനുള്ളില്‍ കേന്ദ്ര സംഘങ്ങള്‍ വിവിധ സംസ്ഥാനങ്ങളിലെത്തും. കേരളം, മഹാരാഷ്ട്ര, തമിഴ്നാട്, ബംഗാള്‍, മിസോറം, കര്‍ണാടക, ബിഹാര്‍, ജാര്‍ഖണ്ഡ്, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലേക്കാണു കേന്ദ്രസംഘത്തെ അയയ്ക്കുന്നത്. രാജ്യത്താകെ 415 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് 7,189 പേര്‍ക്കാണ്.
സംസ്ഥാനങ്ങളില്‍ മൂന്നു മുതല്‍ അഞ്ചു ദിവസം വരെ തുടരുന്ന സംഘങ്ങള്‍ സര്‍ക്കാരുകളുമായി സഹകരിച്ച് പരിശോധന, നിരീക്ഷണം തുടങ്ങി കോവിഡ് നിയന്ത്രണ സംവിധാനങ്ങള്‍ ഏകോപിപ്പിക്കും. കോവിഡ് വാക്സിനേഷന്‍ സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും. ആശുപത്രി കിടക്കകളുടെയും ഓക്സിജന്റെയും ലഭ്യതയും സംഘം പരിശോധിക്കും. എല്ലാ ദിവസവും വൈകിട്ട് ഏഴിന് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post Your Comments