ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ വ്യാപിക്കുന്നതായി മുന്നറിയിപ്പ്. ഇതുവരെ രാജ്യത്ത് 422 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രോഗബാധിതര്‍ കൂടിയ സംസ്ഥാനങ്ങളില്‍ നിയന്ത്രണവും കടുപ്പിച്ചു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. 108 പേരാണ് ഇവിടെ ഒമിക്രോണ്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രണ്ടാം സ്ഥാനത്ത് ഡല്‍ഹിയാണ്. 79 പേരാണ് ഇവിടെ ചികിത്സയിലുള്ളത്.
Read Also : പതിനാറുകാരനെ പൊലീസ് – എക്സൈസ് സംഘം ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി : കഞ്ചാവ് ദേഹത്ത് ഒളിപ്പിച്ചുവെന്നാരോപണം
രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഏഴ് സംസ്ഥാനങ്ങള്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തി. ഡല്‍ഹി, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, ഗുജറാത്ത്, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശും മഹാരാഷ്ട്രയുമാണ് ആദ്യം കര്‍ഫ്യു പ്രഖ്യാപിച്ചത്. അയല്‍ സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച സാഹചര്യത്തില്‍ തിങ്കളാഴ്ച്ച മുതല്‍ രാത്രികാല കര്‍ഫ്യു ഏര്‍പ്പെടുത്തുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.
രാത്രി 11 മണി മുതല്‍ രാവിലെ അഞ്ച് മണിവരെയാണ് കര്‍ഫ്യു. ചൊവ്വാഴ്ച്ച മുതല്‍ കര്‍ണാടകയിലും രാത്രികാല കര്‍ഫ്യു നിലവില്‍ വരും. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് പേരില്‍ കൂടുതല്‍ പൊതുസ്ഥലത്ത് ഒത്തുകൂടാന്‍ പാടില്ല. പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കൂടാതെ പുതുവത്സര പരിപാടികള്‍ക്ക് മുംബൈയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments