ന്യൂഡൽഹി: കേരളത്തിൽ കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസ് അനിവാര്യമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കേന്ദ്രത്തിന്റെ നിർദേശം നടപ്പിലാക്കാൻ കേരളം തയ്യാറാണെന്ന് മന്ത്രി അറിയിച്ചു. രാജ്യത്തെ കൗമാരക്കാർക്ക് ജനുവരി 3 മുതൽ കോവിഡ് വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
15 മുതൽ 18 വരെയുള്ള കൗമാരക്കാർക്കാണ് വാക്സിൻ നൽകുക. ജനുവരി 10 മുതൽ ബൂസ്റ്റർ ഡോസ് മുൻഗണനാക്രമത്തിൽ നൽകുന്നതാണെന്നും ആരോഗ്യപ്രവർത്തകർക്കാണ് ബൂസ്റ്റർ ഡോസ് ആദ്യം ലഭിക്കുകയെന്നും മോദി അറിയിച്ചു. ഒമിക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഒമിക്രോൺ രാജ്യത്ത് പടർന്നുപിടിക്കുകയാണെന്നും രോഗബാധിതരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ് പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കണമെന്ന നിർദ്ദേശവും അദ്ദേഹം നൽകിയിട്ടുണ്ട് . രാജ്യത്ത് 60 ശതമാനം പേരും രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചതാണെന്നും 90 ശതമാനം പേരും ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിട്ടുണ്ടെന്നും മോദി അറിയിച്ചു.
Post Your Comments