ലഖ്നോ: കാണ്‍പൂരില്‍ വ്യവസായിയുടെ വീട്ടില്‍നിന്ന് ആദായ നികുതി, ജി.എസ്.ടി വകുപ്പുകള്‍ പിടിച്ചെടുത്തത് 177 കോടി രൂപ. പെര്‍ഫ്യൂം വ്യാപാരിയായ പീയുഷ് ജെയിനിന്റെ വസതികളിലും സ്ഥാപനങ്ങളിലുമായിരുന്നു വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി പരിശോധന. 11 ഇടങ്ങളിലായിരുന്നു പരിശോധന. കനൗജില്‍ ഇനിയും പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
36 മണിക്കൂര്‍ നീണ്ട പരിശോധനയില്‍ 177 കോടി രൂപയും അഞ്ച് വേട്ടെണ്ണല്‍ മെഷീനും കണ്ടെടുത്തു. പീയുഷ് ജെയിനിന്റെ വീട്ടില്‍നിന്ന് മാത്രം 150 കോടി രൂപ കണ്ടെടുത്തിരുന്നു. അലമാരകളില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു നോട്ടുകെട്ടുകള്‍. നികുതി വകുപ്പ് അധികൃതര്‍ പരിശോധന നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കൂടാതെ അലമാരയില്‍ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകളുടെ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. 21 പെട്ടികളിലാക്കിയാണ് റെയ്ഡില്‍ പിടിച്ചെടുത്ത പണം കണ്ടെയ്നറില്‍ കയറ്റി ബാങ്കുകളിലേക്ക് മാറ്റിയത്.
ജെയിനിനെ കൂടാതെ അദ്ദേഹത്തിന്റെ സഹായികളുടെ വസതികളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു. ഫാക്ടറി ഔട്ട്ലെറ്റുകള്, കോള്‍ഡ് സ്റ്റോറേജ്, കാണ്‍പൂര്‍, മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലെ പെട്രോള്‍ പമ്പുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഷെല്‍ കമ്പനികള്‍ വഴി മൂന്നുകോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി അധികൃതര്‍ അറിയിച്ചു. ജെയിന് ഷെല്‍ കമ്ബനികളുടെ പേരില്‍ വായ്പ എടുക്കുകയും വന്‍ തുകയുടെ വിദേശ ഇടപാടുകള്‍ നടത്തിയിരുന്നതായും അധികൃതര്‍ അറിയിച്ചു. ജെയിനിന്റെ ഉടമസ്ഥതയില്‍ മാത്രം 40ഓളം കമ്പനികള്‍ വരും. ഇതില്‍ രണ്ടെണ്ണം പശ്ചിമേഷ്യയിലാണ്.
Post Your Comments