തിരുവനന്തപുരം: 2019-ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ നിയമത്തിൽ അനുശാസിക്കുന്നതനുസരിച്ച് ഉപഭോക്താക്കൾക്ക് അവരുടെ അവകാശങ്ങൾ പൂർണ്ണമായും ലഭ്യമാകുന്നുണ്ടോയെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. സാധനങ്ങൾ വാങ്ങിയാൽ ഏതു ചെറിയ വ്യാപാരസ്ഥാപനത്തിലും ബില്ല് നൽകൽ വ്യാപാരിയുടെ ഉത്തരവാദിത്വമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഉപഭോക്തൃ ദിനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
ഉപഭോക്താക്കളെ ചൂഷണത്തിന് വിധേയമാക്കുന്നവർക്കെതിരെ ഉപഭോക്തൃ നിയമ പ്രകാരം നടപടി എടുക്കും. ജനങ്ങൾ ഉപഭോക്തൃനിയമത്തിൽ അറിവ് നേടണം. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധ്യം ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി വിശദമാക്കി.
‘സംസ്ഥാനത്ത് ജില്ലാ കൺസ്യൂമർ കോടതികളിൽ ആകെ തീർപ്പാക്കാനുള്ള കേസുകൾ 30,000 ആണ്. ഒരു ജില്ലയിൽ ശരാശരി 750 കേസുകൾ ഫയൽ ചെയ്യുന്നുണ്ട്. ശരാശരി തീർപ്പാക്കുന്ന കേസുകളുടെ എണ്ണം 450 ആണെന്ന് മന്ത്രി പറഞ്ഞു. കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ ഫയൽ അദാലത്തുകൾ സംഘടിപ്പിക്കണമെന്ന്’ അദ്ദേഹം അറിയിച്ചു.
‘ഉപഭോക്തൃകാര്യ വകുപ്പിന് പ്രാധാന്യം നൽകി പ്രവർത്തനങ്ങൾ കൂടുതൽ ജനോപകാരപ്രദമാക്കാൻ ഉപഭോക്തൃകാര്യവകുപ്പിനെ ഭക്ഷ്യ-പൊതുവിതരണ വകുപ്പിനോട് ചേർത്തുകൊണ്ട് ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് എന്ന് പേരു മാറ്റുന്നതിനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. ഭക്ഷ്യ പൊതുവിതരണ വകുപ്പു ഡയറക്ടർക്കു തന്നെ ഉപഭോക്തൃകാര്യ വകുപ്പിന്റേയും ചുമതല നൽകുന്നതിനും ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഡയറക്ടർ തസ്തികയുടെ പേര് ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് കമ്മിഷണർ എന്ന് പുനർ നാമകരണം ചെയ്യുന്നതിനുമുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. വകുപ്പിന് പുതിയ ഡയറക്ടറേറ്റ് മന്ദിരം പണിയുമ്പോൾ ഉപഭോക്തൃകാര്യ വകുപ്പിന്റെ ഡയറക്ടറേറ്റിന് പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങൾ അവിടെ ഒരുക്കുമെന്നും’ മന്ത്രി വ്യക്തമാക്കി.
Post Your Comments