ആലപ്പുഴ: എസ്ഡിപിഐ പ്രവര്‍ത്തകരെകൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചാല്‍ രാജി വെക്കുമെന്ന് എഡിജിപി പറഞ്ഞതിന് പിന്നാലെ പോലീസ് ജയ് ശ്രീറാം വിളിപ്പിച്ചെന്ന പരാതിയുമായി യുവാവ്. ബിജെപി നേതാവ് രഞ്ജിത്ത് കൊല്ലപ്പെട്ട കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ആലപ്പുഴ മാപ്പനാട് വെളി സ്വദേശി മുഹമ്മദ് ഫിറോസ് ആണ് പരാതിയുമായി രംഗത്തെത്തിയത്. കസ്റ്റഡിയിലെടുത്ത ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയും ജയ് ശ്രീറാമും വന്ദേമാതരവും വിളിക്കാന്‍ നിര്‍ബന്ധിച്ചെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.
കുടുംബത്തിനെതിരെയും മതത്തിനെതിരെയും വൃത്തികെട്ട ഭാഷയില്‍ അധിക്ഷേപങ്ങള്‍ നടത്തുകയും ചെയ്‌തെന്ന് യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കസ്റ്റഡിയിൽ തുടർച്ചയായി അടി കിട്ടിയതിനാൽ നല്ല വേദനയുണ്ടെന്നും നീതി ലഭിക്കാൻ മാദ്ധ്യമ പ്രവർത്തകർ ഇടപെടണമെന്നുമാണ് മുഹമ്മദ് ഫിറോസിന്റെ അഭ്യർത്ഥന. എസ്ഡിപിഐ പ്രവര്‍ത്തകരെ കൊണ്ട് ജയ് ശ്രീറാം വിളിപ്പിച്ചെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കുമെന്ന് കഴിഞ്ഞ ദിവസം എഡിജിപി വിജയ് സാഖറെ പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ പരാതിയുടെ പൂർണ്ണ രൂപം:
2021 ഡിസംബര്‍ 20ന് രാത്രി 10.30നും 11.00നും ഇടയില്‍ യൂണിഫോം ധരിക്കാത്ത പൊലീസുകാര്‍ എന്നെ വീട്ടില്‍നിന്ന് പിടിച്ചുകൊണ്ടുപോയി. വീട്ടില്‍നിന്ന് റോഡില്‍ കൊണ്ടുവന്ന് ജീപ്പില്‍ കയറ്റിയ ഉടനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. ആലപ്പുഴ ഡിവൈ.എസ്.പിയുടെ ഓഫീസിന്റെ പിറകില്‍ ഇരുട്ടില്‍നിര്‍ത്തി നേരം വെളുക്കുംവരെ മര്‍ദിക്കുകയും പലതവണ വന്ദേമാതരം വിളിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. വിളിക്കില്ലെന്ന് പറഞ്ഞപ്പോള്‍ എന്നെ ക്രൂരമായി മര്‍ദ്ദിച്ചു. പിന്നീട് ജയ് ശ്രീറാം വിളിക്കാന്‍ പറഞ്ഞു. ഞാന്‍ വിളിക്കില്ല എന്ന് പറഞ്ഞു. വീണ്ടും ക്രൂരമായി മര്‍ദ്ദിച്ചു.
പൊലീസുകാര്‍ സുന്നത്ത് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചെന്നും ഫിറോസ് പറയുന്നു. ഉണ്ടെന്നു പറഞ്ഞപ്പോള്‍ സ്വര്‍ഗത്തില്‍ ഹൂറിങ്ങളെ കിട്ടാനാണോ സുന്നത്ത് ചെയ്തതെന്ന് പൊലീസ് ചോദിച്ചു. തുടര്‍ന്ന് കേട്ടാലറക്കുന്ന ഭാഷയില്‍ മുസ്‌ലിംകള്‍ക്കെതിരെ അധിക്ഷേപം നടത്തി. നിന്റെ നേതാക്കന്മാര്‍ക്ക് മാത്രമേ നിന്റെ പെങ്ങളെയും ഉമ്മയെയും കൂട്ടിക്കൊടുക്കുകയുള്ളൂ, ഞങ്ങള്‍ക്കുകൂടി ഒന്ന് കൊണ്ടുവന്നു താടാ എന്നും പറഞ്ഞതായി പരാതിയില്‍ ആരോപിക്കുന്നു. മര്‍ദ്ദനങ്ങള്‍ക്കും തെറിയധിക്ഷേപങ്ങള്‍ക്കും ശേഷം ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ കൊണ്ടുപോകുകയും രാവിലെ 10 മണിക്ക് മോചിപ്പിക്കുകയും ചെയ്യുകയായിരുന്നു. എസ്.ഡി.പി.ഐക്കാരനാണോ എന്ന് ചോദിച്ചുകൊണ്ടാണ് പൊലീസ് പിടിച്ചുകൊണ്ടുപോയി മര്‍ദ്ദിച്ചതെന്നും എന്തായിരുന്നു കാരണമെന്ന് അറിയില്ലെന്നും മുഹമ്മദ് ഫിറോസ് പറഞ്ഞു.
സ്റ്റേഷനിലെ രാജേഷ് എന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് കടുത്ത മര്‍ദനവും അധിക്ഷേപവുമെല്ലാം ഉണ്ടായതെന്നാണ് ഫിറോസ് ആരോപിക്കുന്നത്. പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്ന് ഇപ്പോള്‍ മൂത്രമൊഴിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും യുവാവ് പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്. പൊതിരെ അടികിട്ടിയതു കാരണം നല്ല വേദനയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡിജിപിക്കും മുഖ്യമന്ത്രിക്കും പുറമെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവി, ജില്ലാ കലക്ടര്‍, മനുഷ്യാവകാശ കമ്മീഷന്‍, ന്യൂനപക്ഷ കമ്മീഷന്‍ എന്നിവര്‍ക്കെല്ലാം പരാതി നല്‍കിയിട്ടുണ്ട്. അഷ്‌റഫ് മൗലവിയുടെ ആരോപണത്തിനെതിരെ രൂക്ഷ വിമർശനം ഉയരുന്നതിനിടയിൽ ആണ് പോലിസ് മർദ്ദനം കാരണം മൂത്രം ഒഴിക്കാൻ സാധിക്കുന്നില്ലെന്ന പുതിയ പരാതി ഉയരുന്നത്.
Post Your Comments