Latest NewsIndia

ഹിന്ദു മതത്തെ ഐഎസ് ഭീകര സംഘടനയുമായി താരതമ്യം : സൽമാൻ ഖുർഷിദിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവ്

അയോദ്ധ്യ വിധി പ്രധാനമായും പ്രതിപാദിച്ചിരിക്കുന്ന ഖുർഷിദിന്റെ പുസ്തകത്തിൽ ഹിന്ദുമതത്തെ മോശമായി വ്യാഖ്യാനിക്കുന്നതിന് പുറമെ ഭീകരവാദവുമായി താരതമ്യവും ചെയ്തിട്ടുണ്ട്.

ലക്‌നൗ :കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സൽമാൻ ഖുർഷിദിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട് ഉത്തർപ്രദേശിലെ കോടതി. ഹിന്ദു മതത്തെ ഐഎസ്‌ഐഎസുമായും ബോക്കോ ഹറാമുമായും താരതമ്യം ചെയ്ത് പുസ്തകം പ്രസിദ്ധീകരിച്ച സംഭവത്തിലാണ് നടപടി. ഭക്ഷ കാ തലാബ് പോലീസിനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. സൽമാൻ ഖുർഷിദിന്റെ പുസ്തകത്തിൽ ഹിന്ദു മതത്തെ വ്രണപ്പെടുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

പോലീസിൽ പരാതി നൽകിയെങ്കിലും നടപടി എടുക്കാതിരുന്നതിനാലാണ് ഹർജിക്കാരനായ സുഭംഗി തിവാരി കോടതിയെ സമീപിച്ചത്. മൂന്ന് ദിവസത്തിൽ എഫ്‌ഐആറിന്റെ കോപ്പി കോടതിയിൽ സമർപ്പിക്കണമെന്നും അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ശാന്തനു ത്യാഗി ഉത്തരവിട്ടു.‘ സൺറൈസ് ഓവർ അയോദ്ധ്യ: നേഷൻഹുഡ് ഇൻ അവർ ടൈംസ്’ എന്ന പുസ്തകത്തിലാണ് ഖുർഷിദ് ഹിന്ദുത്വത്തെ ജിഹാദി സംഘടനകളുമായി താരതമ്യം ചെയ്തത്.

ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിൽ സൽമാൻ ഖുർഷിദ് പുസ്തകം പുറത്തിറക്കിയത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അയോദ്ധ്യ വിധി പ്രധാനമായും പ്രതിപാദിച്ചിരിക്കുന്ന ഖുർഷിദിന്റെ പുസ്തകത്തിൽ ഹിന്ദുമതത്തെ മോശമായി വ്യാഖ്യാനിക്കുന്നതിന് പുറമെ ഭീകരവാദവുമായി താരതമ്യവും ചെയ്തിട്ടുണ്ട്. കുങ്കുമ നിറത്തിലുള്ള ആകാശം എന്ന അദ്ധ്യായത്തിലാണ് ഹിന്ദുമതത്തെക്കുറിച്ചുള്ള അപകീർത്തികരമായ പരാമർശങ്ങൾ ചേർത്തിരിക്കുന്നത്.

ഹിന്ദുത്വത്തിന് ഐഎസ്ഐഎസിന്റെയും ബോക്കോ ഹറാമിന്റെയും പ്രത്യയശാസ്ത്രങ്ങളുമായി സാമ്യമുണ്ടെന്ന് പുസ്തകത്തിൽ പരാമർശിക്കുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവിനെതിരെ ജനങ്ങൾ രംഗത്തെത്തിയത്. മറ്റ് കോൺഗ്രസ് നേതാക്കൾ പോലും ഈ പരാമർശം ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button