നാഗ്പൂർ : വാഹനാപകടത്തിൽ മരണമടഞ്ഞ 80-കാരനെതിരെ സ്വന്തം മരണത്തിന്റെ ഉത്തരവാദിത്തം ചുമത്തി പൊലീസ് കേസ്. ജഗദീഷ് ദെവുൽക്കറും ഭാര്യ സെവന്താ ബായും സഞ്ചരിച്ചിരുന്ന സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്.
ഓഗസ്റ്റ് മൂന്നിന് നാഗ്പൂരിലെ കഞ്ചി ഹൗസ് ചൗക്കിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു ബർത്ത്ഡേ പാർട്ടിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുവരും. എന്നാൽ, തെറ്റായ ദിശയിലൂടെ വാഹനം ഓടിച്ച ജഗദീഷിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് നിലത്ത് വീണ ഇരുവരെയും മറ്റ് യാത്രക്കാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.എന്നാൽ, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്ന ജഗദീഷ് നാല് ദിവസത്തിന് ശേഷം ആശുപത്രിയിൽ വെച്ച് മരണമടഞ്ഞു.
ഇതോടെ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയും ഐ പി സി 174 പ്രകാരം അപകട മരണത്തിന് കേസെടുക്കുകയും ചെയ്തു. തുടർന്ന് അസിസ്റ്റന്റ് കമ്മീഷണർ മുമ്പാകെ സമർപ്പിച്ച റിപ്പോർട്ടിൽ ജഗദീഷിനെ തന്നെ പ്രതിയാക്കി പൊലീസ് കേസ് ഫയൽ ചെയ്യുകയായിരുന്നു. ഹെൽമറ്റില്ലാതെ തെറ്റായ ദിശയിലൂടെ വണ്ടി ഓടിച്ചതിനും നിയന്ത്രണമില്ലാതെ വളവിൽ വണ്ടി വളച്ച് സ്വന്തം മരണത്തിന് കാരണമായതിനുമാണ് ജഗദീഷിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് സീനിയർ ഇൻസ്പെക്ടർ സഞ്ജയ് ജാദവ് പറഞ്ഞു. കേസ് ഇനി കോടതിക്ക് മുമ്പാകെ സമർപ്പിക്കുമെന്നും ഇൻസ്പെക്ടർ പറഞ്ഞു.
Post Your Comments