തൃശ്ശൂര്‍: പൂങ്കുന്നം എംഎല്‍എ റോഡ് കനാലില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും കാമുകനും അറസ്റ്റിൽ. തൃശ്ശൂര്‍ വരടിയം മമ്ബാട്ട് വീട്ടില്‍ മേഘ എന്ന ഇരുപത്തിരണ്ടുകാരിയാണ് പ്രസിവിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയത്. മേഘയുടെ കാമുകൻ വരടിയം ചിറ്റാട്ടുകര വീട്ടില്‍ മാനുവല്‍ (25) ഇയാളുടെ സുഹൃത്ത് വരടിയം പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമല്‍ (24) എന്നിവർ പോലീസ് പിടിയിലായി.
ചൊവ്വാഴ്ച രാവിലെയാണ് പൂങ്കുന്നം എം.എല്‍.എ റോഡിനു സമീപം വെള്ളം ഒഴുകുന്ന കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെതുടര്‍ന്ന്, പൊലീസിത്തെത്തി മൃതദേഹം പരിശോധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോൾ രണ്ട് യുവാക്കള്‍ ബൈക്കില്‍ വന്ന്, സഞ്ചി ഉപേക്ഷിച്ച് പോകുന്നത് ശ്രദ്ധയില്‍ പെട്ടതാണു കേസിൽ വഴിത്തിരിവായത്. അങ്ങനെയാണ് തൃശൂര്‍ വരടിയം സ്വദേശികളായ മാനുവലും ഇയാളുടെ സുഹൃത്ത് അമലും പിടിയിലായത്.
read also: കൊല്ലപ്പെട്ട ഷീന ബോറ ജീവിച്ചിരിക്കുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു
അയല്‍വാസികളായ മാനുവലും മേഘയും രണ്ടുവര്‍ഷത്തിലധികമായി പ്രണയത്തിലാണ്. ഇതിനിടയില്‍ മേഘ ഗര്‍ഭിണിയായി. ഇത് വീട്ടുകാര്‍ അറിയാതെ മറച്ചുവെച്ചു. വീടിന്റെ മുകളിലത്തെ മുറിയില്‍ ഒറ്റക്ക് ഉറങ്ങിയിരുന്ന മേഘ ശനിയാഴ്ച രാത്രി കിടപ്പുമുറിയില്‍ വെച്ച് പ്രസവിച്ചു. ഇക്കാര്യം വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. പ്രസവിച്ച ഉടന്‍ തന്നെ റൂമില്‍ കരുതിവെച്ചിരുന്ന വെള്ളം നിറച്ച ബക്കറ്റിലേക്ക് കുട്ടിയെ എടുത്തിട്ടു എന്നാണ് മേഘ പറയുന്നത്. പിന്നീട് കുളിച്ച് വസ്ത്രങ്ങള്‍ മാറി, കുട്ടിയെ പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞു. പ്രസവാവശിഷ്ടങ്ങള്‍ കക്കൂസില്‍ ഒഴുക്കിക്കളഞ്ഞു. കുട്ടിയുടെ ശരീരം പ്ലാസ്റ്റിക് സഞ്ചിയിലാക്കി വച്ചിട്ടുണ്ടെന്ന് കാമുകനെ ഫോണില്‍ വിളിച്ചറിയിച്ചു. പിറ്റേന്ന് രാവിലെ 11 മണിയോടെ മൃതദേഹമടങ്ങിയ കവര്‍ കാമുകനായ മാനുവലിനെ ഏല്‍പ്പിച്ചു.
മാനുവല്‍ സുഹൃത്തായ അമലിന്റെ സഹായത്തോടെ മൃതദേഹം കത്തിച്ചു കളയാം എന്ന ഉദ്ദേശത്തോടെ ഇരുവരും ബൈക്കില്‍ കയറി മുണ്ടൂരിലെ പെട്രോള്‍ പമ്ബില്‍ നിന്നും 150 രൂപയുടെ ഡീസല്‍ വാങ്ങി. എന്നാൽ ആ പദ്ധതി വിജയിച്ചില്ല. തുടർന്ന് മൃതദേഹം കുഴിച്ചിടാമെന്നു കരുതി പേരാമംഗലം പാടത്തേക്ക് പോയി. അവിടെ ആളുകള്‍ കൂടി നിന്നിരുന്നതിനാല്‍ അതിനും സാധിച്ചില്ല. അതിനുശേഷമാണ് ഇരുവരും ചേര്‍ന്ന് ബൈക്കില്‍ പൂങ്കുന്നം എംഎല്‍എ റോഡ് കനാല്‍ പരിസരത്തേക്ക് എത്തിയത്. തുടർന്ന് മൃതദേഹമടങ്ങിയ സഞ്ചി കനാലിൽ ഉപേക്ഷിച്ചു. സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കൂടുതൽ സഹായകമായി.
അറസ്റ്റിലായ മേഘ എം.കോം. ബിരുദധാരിയും തൃശൂരില്‍ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ ജോലിക്കാരിയുമാണ്. മാനുവല്‍ പെയിന്റിങ്ങ് തൊഴിലാളിയാണ്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ശിശുവിന്റെ ഡി.എന്‍.എ പരിശോധന എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കൂടുതല്‍ നടത്തുവാനുണ്ടെന്നും പ്രതികളെ അറസ്റ്റ്‌ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ആദിത്യ ഉൾപ്പെട്ട അന്വേഷണ സംഘം അറിയിച്ചു.
Post Your Comments