കൊല്ലം: മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന മൂന്ന് കിലോ 160 ഗ്രാം സ്വർണാഭരണങ്ങളും ഉരുക്കിയ സ്വർണവും കരുനാഗപ്പള്ളി ജി.എസ്.ടി മൊബൈൽ സ്ക്വാഡ് പിടികൂടി. ജി.എസ്.ടി നിയമപ്രകാരം മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന ഒന്നരക്കോടി വില വരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് സ്വർണം പിടികൂടിയത്.
തൃശൂരിൽ നിന്ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വിൽപനക്കായി കൊണ്ടുവന്ന 55 ലക്ഷം രൂപ വിലവരുന്ന ഒരു കിലോ 120 ഗ്രാം സ്വർണാഭരണങ്ങൾ ചവറയിൽ നിന്നും വാഹന പരിശോധനക്കിടയിലാണ് പിടിച്ചെടുത്തത്. മധുരയിൽ നിന്നും കൊല്ലത്ത് വിൽപനക്കായി കൊണ്ടുവന്ന 42 ലക്ഷം രൂപ വിലവരുന്ന 830 ഗ്രാം ഉരുക്കിയ സ്വർണം മധുര സ്വദേശിയിൽ നിന്നുമാണ് പിടിച്ചെടുത്തത്. കരുനാഗപ്പള്ളിയിൽ നടത്തിയ വാഹന പരിശോധനക്കിടെ തൃശൂരിൽ നിന്നും കാറിൽ കൊണ്ടുവന്ന 56 ലക്ഷം രൂപ വിലവരുന്ന ഒരു കിലോ 210 ഗ്രാം സ്വർണാഭരണങ്ങളുമാണ് പിടികൂടിയത്.
മൂന്ന് സംഭവങ്ങളിൽ നിന്നായി പിഴ, നികുതി ഇനങ്ങളിലായി ഏഴര ലക്ഷം രൂപ ഈടാക്കി. സ്റ്റേറ്റ് ടാക്സ് ഓഫിസർ (ഇൻറലിജൻസ്) എസ്. രാജീവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകളിൽ അസി. ടാക്സ് ഓഫിസർമാരായ ബി. രാജേഷ്, ബി. രാജീവ്, ടി. രതീഷ്, സോനാജി, ഷൈല, പി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
Post Your Comments