ആലപ്പുഴ: കൊല്ലപ്പെട്ട ബിജെപി നേതാവ് രൺജീത് ശ്രീനിവാസന്റെ മൃതദേഹം ആലപ്പുഴ വലിയഴീക്കലിലെ കുടുംബ വീട്ടിൽ സംസ്കരിച്ചു. ആലപ്പുഴ ബാർ അസോസിയേഷനിലും വെളളക്കിണറിലെ വീട്ടിലേയും പൊതു ദർശനത്തിന് ശേഷമാണ് മൃതദേഹം വലിയഴീക്കലിൽ എത്തിച്ചത് . വിലാപയാത്രയെച്ചൊല്ലി ആലപ്പുഴ മെഡിക്കല് കോളജിൽ പൊലീസും ബിജെപി നേതാക്കളുമായി വാക്കേറ്റമുണ്ടായി. ബി ജെ പി യുടെ എതിർപ്പിനെ തുടർന്ന് ഇന്നലത്തെ സമാധാനയോഗം മാറ്റിവച്ചു.
വൈകിട്ട് അഞ്ചു മണിയോടെയാണ് രൺജീത് ശ്രീനിവാസന്റെ ചിതയ്ക്ക് തീ കൊളുത്തിയത്. സഹോദരനാണ് മരണാനന്തര കർമങ്ങങ്ങൾ ചെയ്തത്. നാട്ടുകാരും ബിജെപി പ്രവർത്തകരും അടക്കം ഒട്ടേറെപ്പേർ അന്തിമോപചാരം അർപ്പിക്കാനായി വലിയഴീക്കലിലെ വീട്ടിലും എത്തിയത്. ഭർത്താവിന്റെ ചേതനയറ്റ ശരീരത്തിൽ കെട്ടിപ്പിടിച്ച് കരയുമ്പോഴും എന്റെ ഭർത്താവിനെ ഗണവേഷം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ധരിപ്പിച്ച് യാത്ര അയക്കണമെന്ന് ഭാര്യ അഡ്വക്കേറ്റ് ലിഷ ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് ‘നമസ്തേ സദാ വത്സലേ’ എന്ന ആർഎസ്എസ് ഗണഗീതത്തിന്റെ അകമ്പടിയോടെ ആർഎസ്എസ് ഗണവേഷത്തിലാണ് രഞ്ജിത്തിനെ ചിതയിലേക്കെടുത്തത്. ഭാര്യയുടേയും , മകളുടേയും, അമ്മയുടേയും കരച്ചിൽ സങ്കടക്കാഴ്ചയായി. തന്റെ മകനെ കൊലപ്പെടുത്തിയതെങ്ങനെ എന്ന് ‘അമ്മ വിവരിക്കുന്നത് കേട്ട് കണ്ണീരോടെയാണ് പലരും നിന്നത്. പോസ്റ്റുമോർട്ടത്തിന് ശേഷം പത്തരയോടെയാണ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്.
ആലപ്പുഴ ബാർ അസോസിയേഷൻ ഹാളിലായിരുന്നു ആദ്യ പൊതു ദർശനം. തുടർന്ന് മൃതദേഹം വെള്ളക്കിണറിലെ കൊലപാതകം നടന്ന വീട്ടിലേക്കെത്തിച്ചു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി, ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.
Post Your Comments