ശ്രീകണ്ഠപുരം: സിമന്റ് കമ്പനിയില്‍ ഓഹരി വാഗ്ദാനം ചെയ്ത് മൂന്നുപേരില്‍ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തയാൾ പിടിയില്‍. തമിഴ്നാട് കൂനൂര്‍ കോളജ് റോഡില്‍ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തൂത്തുക്കുടി സ്വദേശി കെ. മണിയെയാണ് (46) പൊലീസ് അറസ്റ്റ് ചെയ്തത്. 14 ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
സുവാരി സിമൻറ് കമ്പനിയില്‍ ഓഹരി വാഗ്ദാനം ചെയ്ത് ചെങ്ങളായി പെരിങ്കോന്നിലെ റിട്ട. ബാങ്ക് സെക്രട്ടറി മഞ്ഞേരിവീട്ടില്‍ പി.ജി. മുകുന്ദന്, മുകുന്ദന്റെ മകനും വിമുക്ത ഭടനുമായ ഷാജി മുകുന്ദന്, ചെങ്ങളായി കുണ്ടങ്കൈയിലെ ചൈത്രത്തില്‍ കെ.വി. ബാലകൃഷ്ണന് എന്നിവരാണ് തട്ടിപ്പിനിരയായത്.
Read Also : അഞ്ച് വർഷം കൊണ്ട് യുപി നേടിയത് അവിശ്വസനീയമായ പുരോഗതി: പ്രശംസിച്ച് നീതി ആയോഗ് തലവൻ
ലാഭവിഹിതമായി ഓരോ 10 ദിവസം കൂടുമ്പോഴും 15,000 രൂപ മാസംതോറും ഓരോ സ്വർണ നാണയവും ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. ഓഹരി വേണ്ടെന്ന് വെക്കുമ്പോള്‍ നിക്ഷേപിച്ച മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും വിശ്വസിപ്പിച്ചിരുന്നു. മുകുന്ദനില്‍ നിന്ന് 2017-18 കാലയളവില്‍ മൂന്നര ലക്ഷം രൂപയും ഷാജിയില്‍ നിന്ന് 2017 നവംബര്‍ ഒന്നു മുതല്‍ 2018 മാര്‍ച്ചുവരെയുള്ള കാലയളവില്‍ ഏഴു ലക്ഷം രൂപയും കെ.വി. ബാലകൃഷ്ണനില്‍ നിന്ന് 2018 മാർച്ചില്‍ മൂന്നര ലക്ഷം രൂപയുമാണ് തട്ടിയെടുത്തത്.
ലാഭവിഹിതം ആദ്യതവണ കൃത്യമായി ലഭിച്ചുവെങ്കിലും പിന്നീട് അത് മുടങ്ങി. ഓഹരിയായി നിക്ഷേപിച്ച പണം തിരിച്ചുനല്കിയതുമില്ല. ഇതേത്തുടര്‍ന്നാണ് ഇവർ പൊലീസിനെ സമീപിച്ചത്. മൂന്നുപേരുടെയും പരാതികളിൽ ശ്രീകണ്ഠപുരം പൊലീസ് മൂന്ന് കേസുകളാണ് എടുത്തത്. സുവാരി സിമൻറ് കമ്പനിയുമായി ഇയാള്‍ക്ക് ഒരു ബന്ധവുമില്ലെന്നും തമിഴ്നാട്ടിലുൾപ്പെടെ പലയിടത്തും സമാന തട്ടിപ്പ് മണി നടത്തിയതായും പൊലീസ് പറഞ്ഞു
തമിഴ്നാട് പൊലീസ് സംഘവും ഇയാളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശന്റെ മേൽനോട്ടത്തിൽ എസ്.ഐ എ.വി. ചന്ദ്രൻ, എ.എസ്.ഐ എം. സുരേഷ്, സി.പി.ഒ രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കിയ മണിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments