കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന ഷോപ്പിങ് കേന്ദ്രമായ അവന്യൂസ് മാളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ക്രിസ്മസ് ട്രീ നീക്കം ചെയ്തു. ഇസ്ലാമിക ശരീഅത്തിനും കുവൈത്തിന്റെ സംസ്കാരത്തിനും യോജിച്ചതല്ലെന്ന് നിരവധി സ്വദേശികള്‍ പരാതിപ്പെട്ടതോടെയാണ് ക്രിസ്മസ് ട്രീ നീക്കം ചെയ്തതെന്ന് കുവൈത്തി മാധ്യമമായ അല്‍ മജ്ലിസ് റിപ്പോര്‍ട്ട് ചെയ്തു.
കുവൈത്തിലെ ഏറ്റവും വലിയ ഷോപ്പിങ് മാളുകളിലൊന്നാണ് അവന്യൂസ്. ക്രിസ്മസ് സീസണിനോടനുബന്ധിച്ചാണ് ഇവിടെ വലിയൊരു ക്രിസ്മസ് ട്രീ സ്ഥാപിച്ചത്. എന്നാല്‍ ഇതിനെതിരെ നിരവധി സ്വദേശികള്‍ പരാതിപ്പെട്ടതായി അല്‍ മജ്ലിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇസ്ലാമിക നിയമങ്ങള്‍ക്കും കുവൈത്തിന്റെ സംസ്കാരങ്ങള്‍ക്കും ഇത് യോജിച്ചതല്ലെന്നായിരുന്നു പ്രധാന ആരോപണം. അതേസമയം മാളില്‍ നിന്ന് ക്രിസ്മസ് ട്രീ നീക്കിയ സംഭവത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല. കുവൈത്തി മാധ്യമങ്ങള്‍ക്ക് പുറമെ ഗള്‍ഫ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറ്റ് മാധ്യമങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Read Also: നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് കടുത്ത ശിക്ഷ: കരട് ബില്‍ പാസാക്കനൊരുങ്ങി മന്ത്രിസഭ
നേരത്തെ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ കുവൈത്തിലെ ഒരു ഷോപ്പിങ് മാളില്‍ സ്ഥാപിച്ചിരുന്ന പ്രതിമയെച്ചൊല്ലിയും പരാതി ഉയര്‍ന്നിരുന്നു. ഗ്രീക്ക് ഐതിഹ്യ പ്രകാരമുള്ള സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായ അഫ്രൊഡൈറ്റിന്റെ പ്രതിമയ്ക്കെതിരെയാണ് രാജ്യത്തെ ഒരു മാള്‍ അധികൃതര്‍ക്ക് ഓണ്‍ലൈനായി പരാതി ലഭിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ പ്രതിമയുടെ ചിത്രം വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു ഇത്. തുടര്‍ന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം അധികൃതര്‍ പ്രതിമ നീക്കം ചെയ്യുകയായിരുന്നു.
Post Your Comments