KeralaLatest NewsNewsIndiaInternational

ചിലിയും ഇടത്തോട്ട്, ഇടതുപക്ഷത്തോടൊപ്പം മറ്റൊരു ലോകം സാധ്യമാണ്: എ എ റഹീം

തിരുവനന്തപുരം: ചിലി തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം വിജയിച്ചതിന്റെ രഹസ്യത്തേക്കുറിച്ചുള്ള പോസ്റ്റ് പങ്കുവച്ച് എ എ റഹീം. സിപിഐ എം കേന്ദ്രകമ്മറ്റി അംഗമായ തോമസ് ഐസക് എഴുതിയ കുറിപ്പാണ് എ എ റഹീം പങ്കുവച്ചിരിക്കുന്നത്.

Also Read:ആഷസ് പരമ്പര: അവശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ഓസ്ട്രേലിയ

‘ചിലിയും ഇടത്തോട്ട്. ഇടതുപക്ഷ യുവനേതാവ് ഗബ്രിയേൽ ബോറിക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 56% വോട്ടുനേടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എതിരാളി വലതുപക്ഷ നേതാവ് ജോസ് അന്റോണിയോ കാസ്റ്റിന് 44% വോട്ടേ ലഭിച്ചുള്ളൂ’, കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം:

ഇടതുപക്ഷം
മറ്റൊരു ലോകം സാധ്യമാണ്.

ചിലിയും ഇടത്തോട്ട്. ഇടതുപക്ഷ യുവനേതാവ് ഗബ്രിയേൽ ബോറിക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ 56% വോട്ടുനേടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എതിരാളി വലതുപക്ഷ നേതാവ് ജോസ് അന്റോണിയോ കാസ്റ്റിന് 44% വോട്ടേ ലഭിച്ചുള്ളൂ. കമ്മ്യൂണിസ്റ്റ് പാർട്ടി അടക്കമുള്ള ഇടതുപക്ഷ പുരോഗമന പാർട്ടികളുടെ പിന്തുണ ബോറിക്കിന് ഉണ്ടായിരുന്നു. നവംബർ 21-നു നടന്ന തെരഞ്ഞെടുപ്പിൽ കാസ്റ്റ് 28% വോട്ടുകിട്ടി മുന്നിലായിരുന്നു. ബോറിക്കിന് 25% വോട്ടേ ലഭിച്ചുള്ളൂ. ചിലിയിൽ ഭരണഘടന പ്രകാരം 51% വോട്ടു ലഭിച്ചാലേ വിജയിക്കൂ. അതുകൊണ്ട് ഏറ്റവും കൂടുതൽ വോട്ടു കിട്ടിയ 2 പേരൊഴികെ ബാക്കിയുള്ള സ്ഥാനാർത്ഥികളെ ഒഴിവാക്കി വീണ്ടും ഡിസംബർ 19-ന് തെരഞ്ഞെടുപ്പു നടത്തുകയായിരുന്നു. കാസ്റ്റ് തീവ്രവലതുപക്ഷ നേതാവാണ്. അച്ഛൻ രണ്ടാംലോക മഹായുദ്ധത്തിനുശേഷം ചിലിയിലേയ്ക്ക് ഒളിച്ചോടി രക്ഷപ്പെട്ട നാസി നേതാവായിരുന്നു. അനുജൻ അലണ്ടെയെ വധിച്ച പിനോഷെ സർക്കാരിലെ മന്ത്രിയായിരുന്നു. കാസ്റ്റ് പരസ്യമായി ഇന്നും പിനോഷെ ഭരണത്തിന്റെ അനുകൂലിയാണ്. അമേരിക്കൻ ഭക്തൻ, നിയോലിബറൽ, വംശീയവാദി, ക്രമസമാധാന ഭ്രാന്തൻ എന്നീ നിലയിലെല്ലാം കുപ്രസിദ്ധനായിരുന്നു. മറ്റൊരു ബ്രസീലിയൻ ബോസിനാലാറോ എന്നാണ് കാസ്റ്റിനെ വലതുപക്ഷ മാധ്യമങ്ങൾ പോലും വിശേഷിപ്പിക്കാറ്. ഇതുകൊണ്ടെല്ലാം ഭൂരിപക്ഷം നിഷ്പക്ഷ വോട്ടുകളും രണ്ടാം തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തേയ്ക്കു നീങ്ങി. ഗബ്രിയേൽ ബോറിക് വിദ്യാർത്ഥി നേതാവായിരുന്നു. വിദ്യാഭ്യാസ സ്വകാര്യവൽക്കരണത്തിനെതിരെ നടത്തിയ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭം ജനകീയ പ്രക്ഷോഭമായി വളരുകയായിരുന്നു. 2019 ഒക്ടോബറിൽ പ്രക്ഷോഭകാരികൾ പൊലീസുമായി ഏറ്റുമുട്ടി. വിദ്യാഭ്യാസ കടം എഴുതിത്തള്ളുക, പെൻഷൻ പരിഷ്കരിക്കുക, സമ്പന്നരുടെമേൽ നികുതി ചുമത്തുക, ഭരണഘടന ഉടച്ചുവാർക്കുക തുടങ്ങിയവയായിരുന്നു മുദ്രാവാക്യങ്ങൾ. കലാപം രൂക്ഷമായതിനെത്തുടർന്ന് അന്നത്തെ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര ഭരണഘടനാ ഭേദഗതിയെക്കുറിച്ചു റഫറണ്ടം നടത്താൻ സമ്മതിച്ചു. പിനോഷെ രൂപം നൽകിയ ഭരണഘടന ഉടച്ചുവാർക്കുന്നതിനു ഭൂരിപക്ഷം ജനങ്ങളും വോട്ടു ചെയ്തു.

എന്നാൽ കോവിഡ് വലതുപക്ഷത്തിനു ശക്തി പകർന്നു. അപകടസന്ധിയിൽ സുശക്തമായ ഭരണകൂടം വേണമെന്നായി വികാരം. അങ്ങനെയാണ് അഴിമതിയിൽ കുളിച്ച പഴയ പ്രസിഡന്റിനു പകരം വലതുപക്ഷം കാസ്റ്റിനെ രംഗത്തിറക്കിയത്. എങ്കിലും മാറ്റത്തിനായുള്ള ജനങ്ങളുടെ അഭിവാഞ്ചയെ മറികടക്കാനായില്ല. 35 വയസ്സുകാരൻ ബോറിക് ലാറ്റിനമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരിക്കും. ക്യൂബയും മറ്റ് ഇടതുപക്ഷ സർക്കാരുകളും മാത്രമല്ല, മറ്റു ലാറ്റിനമേരിക്കൻ സർക്കാരുകളും വിജയത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. പ്രതിപക്ഷവും വിജയത്തെ ചോദ്യം ചെയ്യുന്നില്ല. അതുകൊണ്ട് വിജയത്തെ തടയിടാനുള്ള അട്ടിമറി ശ്രമമൊന്നും ഉണ്ടാകാനിടയില്ല.
എന്തു പ്രതീക്ഷിക്കാം? പുതിയ ജനാധിപത്യ ഭരണഘടന, പിനോഷെയുടെ പ്രേതത്തെ ശവക്കല്ലറയിലിട്ടു പൂട്ടും. സമ്പന്നരുടെമേൽ നികുതി. സമഗ്ര വിദ്യാഭ്യാസ പരിഷ്കാരം. ക്ഷേമനയങ്ങൾ. ലാറ്റിനമേരിക്കയിൽ വീണ്ടുമൊരു ഇടതുപക്ഷ മുന്നേറ്റത്തിനു കളമൊരുക്കും. ഗബ്രിയേൽ ബോറികിൻ്റെ ഏറ്റവും പ്രസിദ്ധമായ പ്രസ്താവനകളിൽ ഒന്ന് ഇങ്ങനെയാണ് – ‘നിയോലിബറലിസത്തിൻ്റെ ജന്മഭൂമി ചിലിയാണ്. ഇവിടെ ഞങ്ങൾ അതിനു ശവക്കല്ലറയും തീർക്കും’.

സ. ടി എം തോമസ് ഐസക്

shortlink

Related Articles

Post Your Comments

Related Articles


Back to top button