ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്‍റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചു. രഞ്ജിത്തിനെ കൊലപ്പെടുത്തിയ പ്രതികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ട് ബൈക്കുകള്‍ പോലീസ് കണ്ടെത്തി. കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്ന നാലുപേർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലുണ്ട്.
എസ്‌ഡിപിഐ നേതാവ് കെഎസ് ഷാനിന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ച മണ്ണഞ്ചേരി പൊന്നാട് ഭാഗത്തു നിന്നാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ബൈക്കുകള്‍ കണ്ടെത്തിയത്. ഇതിലൊരു ബൈക്ക് പ്രതികള്‍ ഉപയോഗിച്ചെന്ന് തന്നെയാണ് പോലീസിന്റെ നിഗമനം. ഇതേതുടർന്ന് രഞ്ജിത്തിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ഷാനിന്‍റെ പൊതുദർശനത്തിനും സംസ്ക്കാരച്ചടങ്ങുകളിലും പങ്കെടുത്തിട്ടുണ്ടാകാമെന്നും പോലീസ് വ്യക്തമാക്കുന്നു.
ബൈക്ക് ഷാനിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയ വ്യക്തിയുടേതാണെന്ന് കരുതിയെന്നും മൂന്ന് ദിവസമായി ബൈക്ക് എടുക്കാൻ ആരും എത്താതിരുന്നതാണ് സംശയത്തിനിടയാക്കിയതെന്നും പ്രദേശവാസികൾ പറഞ്ഞു. മൂന്ന് ദിവസമായിട്ടും ബൈക്ക് എടുക്കാന്‍ ആരും എത്താതിരുന്നതോടെ സമീപവാസി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ രാത്രി തന്നെ പോലീസ് സ്ഥലത്തെത്തി. ഒബിസി മോർച്ച നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ ശേഷം പ്രതി ബൈക്കിൽ ഷാനിന്റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയതാണെന്നാണ് നിഗമനം.
അതേസമയം, ആലപ്പുഴ രജിസ്ട്രേഷനിലുള്ള ബൈക്ക് മണ്ണഞ്ചേരി സ്വദേശിനിയായ സുറുമി സുധീര്‍ എന്നയാളുടെ പേരിലാണ് ഉള്ളത്. യുവതിയുടെ പേരിലുള്ള ബൈക്ക് ഇവരുടെ ഭര്‍ത്താവിന്റെ സുഹൃത്ത് കൊണ്ടുപോയെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സുധീറിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുമെന്നാണ് ലഭ്യമായ വിവരം.
Post Your Comments