കോട്ടയം: യുവാവിനു നേരെ കുരുമുളക് സ്പ്രേ പ്രയോഗം. പാമ്പാടി വെള്ളൂർ എട്ടാംമൈലിൽ പടിഞ്ഞാറേക്കര അശ്വിൻ ഷാജിയുടെ കണ്ണിലേക്കാണ് കുരുമുളക് സ്പ്രേ അടിച്ചത്. അശ്വിന്റെ കണ്ണിന് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
രണ്ടുദിവസമായി വീടിനുനേരേ കല്ലേറുണ്ടായിരുന്നു. വീട്ടുകാർ ഇറങ്ങി നോക്കുമ്പോൾ ആരെയും കണ്ടിരുന്നില്ല. ഞായറാഴ്ച വീണ്ടും കുളിമുറിയുടെ ഭാഗത്ത് നിന്ന് അസാധാരണ ശബ്ദംകേട്ട് പുറത്തിറങ്ങിയ അശ്വിന്റെ കണ്ണിനുനേരെ കുരുമുളക് സ്പ്രേ അടിച്ചശേഷം അക്രമികൾ ഓടിക്കളയുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല.
വീട്ടുകാരുടെ പരാതിയിൽ പ്രതികളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായും വീടിനുപുറത്ത് പതിവില്ലാതെ ശബ്ദം കേട്ടാൽ സമീപവാസികളെക്കൂടി അറിയിച്ചിട്ടേ പുറത്തിറങ്ങാവൂവെന്നും പാമ്പാടി സി.ഐ യു. ശ്രീജിത്ത് പറഞ്ഞു. കണ്ണിന് പരിക്കേറ്റ അശ്വിൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments