മറയൂർ: പാറയിൽനിന്ന് തെന്നിവീണ് മരിച്ചെന്ന് കരുതിയ ആദിവാസി യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് കുടുംബം. ആദിവാസി യുവാവ് ചിന്നകുപ്പന്(37) ആത്മഹത്യ ചെയ്തതാണെന്ന് ഭാര്യയും ബന്ധുക്കളും വ്യക്തമാക്കി.
ചന്ദനക്കേസിൽ പ്രതിയായതിനെ തുടർന്ന് കാടിനുള്ളിൽ ഒളിവിൽ കഴിയുകയായിരുന്നു യുവാവ്. ശനിയാഴ്ച രാവിലെ ഭാര്യ ഉമയോട് മക്കൾക്കൊപ്പം കാടിനുള്ളിലേക്ക് എത്തണമെന്നും ഒരുമിച്ച് മരിക്കാമെന്നും പറഞ്ഞിരുന്നു. തന്റെ പേരിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ചുമത്തിയത് കള്ളക്കേസാണെന്നും എല്ലാം തീർന്നുവരുമ്പോഴേക്കും തന്റെ ജീവിതം ഇല്ലാതാകുമെന്നും അതിനാൽ മക്കളുമൊത്ത് ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്നും ആണ് പറഞ്ഞത്. പിന്തിരിപ്പിക്കാൻ ശ്രമിച്ചപ്പോൾ എങ്കിൽ തനിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഫോൺ കട്ടാക്കി.
Read Also : ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം : നിരവധി പേർക്ക് പരിക്ക്
പിന്നീട് വനത്തിനുള്ളിൽ അന്വേഷിച്ച് എത്തിയപ്പോഴാണ് പാറക്കെട്ടുകൾക്കിടയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ചിന്നകുപ്പനെ കിട്ടിയില്ലെങ്കിൽ 19ഉും 16ഉും വയസ്സുള്ള മക്കളെയും ഉൾപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും ആത്മഹത്യ ചെയ്ത ചിന്നകുപ്പന്റെ ഭാര്യ ഉമ പറയുന്നു. ചെയ്യാത്ത കുറ്റങ്ങൾക്ക് സ്ഥിരം പ്രതിയാകേണ്ടിവരുന്നത് കാരണമാണ് ചിന്നകുപ്പൻ ആത്മഹത്യ ചെയ്തതെന്നും തങ്ങളും ആത്മഹത്യ ചെയ്യുമെന്നും ഉമ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments