ന്യൂഡൽഹി: ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ ദിവസമായിരുന്നു 2021 ഡിസംബർ 12. 21 വർഷത്തിനിപ്പുറം ഇന്ത്യ വിശ്വസുന്ദരിപട്ടം നേടിയ ദിവസം. ഇസ്രയേലിലെ ഏയ്‌ലറ്റിൽ നടന്ന 70-ാം മിസ് യൂണിവേഴ്‌സ് മത്സരത്തിൽ 21 വയസുകാരിയായ ഹർനാസ് സന്ധുവാണ് വിജയ കിരീടം അണിഞ്ഞത്.
ഇന്ത്യൻ മോഡലും പഞ്ചാബി നടിയുമാണ് ഹർനാസ് സന്ധു. സുസ്മിത സെന്നിനും ലാറദത്തിനും ശേഷം വിശ്വസുന്ദരിപ്പട്ടം നേടുന്ന ഇന്ത്യക്കാരിയാണ് ഹർനാസ് സന്ധു. പരാഗ്വെയുടെ നാദിയ ഫെരേരയെയും ദക്ഷിണാഫ്രിക്കയുടെ ലാലേല മസ്വനെയെയും പിന്തള്ളിയാണ് ഹർനാസ് ഈ നേട്ടം കരസ്ഥമാക്കിയത്. 2020 മിസ്സ് യൂണിവേഴ്‌സായിരുന്ന മെക്‌സിക്കോയുടെ ആൻഡ്രിയ മിസയാണ് ഹർനാസിനെ വിശ്വസുന്ദരി കിരീടം അണിയിച്ചത്. 1994-ൽ ആദ്യമായി വിശ്വസുന്ദരിപ്പട്ടം കരസ്ഥമാക്കിയ ഇന്ത്യക്കാരി സുസ്മിത സെൻ ആണ്. 21 വർഷങ്ങൾക്കു മുമ്പ് 2000-ൽ, ലാറ ദത്തയാണ് അവസാനമായി വിശ്വസുന്ദരിപ്പട്ടം ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്.
പബ്ലിക് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദം ചെയ്യുന്ന ഹർനാസ് 2019 ൽ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിരവധി പഞ്ചാബി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2021 ഒക്ടോബറിൽ നടന്ന മിസ് ഡിവ യൂണിവേഴ്സ് കിരീടം നേടിയിരുന്നു. നേരത്തെ 2017 മിസ് ഛണ്ഡിഗഡ്, മിസ് മാക്‌സ് എമേർജിങ് സ്റ്റാർ ഇന്ത്യ 2018 തുടങ്ങിയ സൗന്ദര്യ മത്സരങ്ങളിലും ഹർനാസ് കിരീടം ചൂടിയിരുന്നു.
Post Your Comments