ന്യൂഡല്‍ഹി : പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ ചീഫ് ഇമാം ഡോ ഇമാം ഉമര്‍ അഹമ്മദ് ഇല്യാസി. 21 വയസ് എന്ന് പറയുന്നത് സ്ത്രീകള്‍ക്ക് മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന പ്രായമാണെന്ന് മോദി സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് അദ്ദേഹം പറഞ്ഞു. അതേസമയം ഈ സര്‍ക്കാര്‍ നീക്കത്തെ എതിര്‍ക്കുന്നവരോട് പെണ്‍കുട്ടികളുടെ ജീവിതം കൊണ്ട് കളിക്കരുതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.
‘ ഇന്നത്തെ കാലത്ത് വിവാഹത്തേക്കാള്‍ ഒരു കരിയറാണ് പ്രധാനം, പെണ്‍കുട്ടി 21 വയസില്‍ കൂടുതല്‍ പക്വതയുള്ളവളാണെങ്കില്‍ അത് നല്ലതാണ്. 21 വയസില്‍ അവള്‍ക്കും മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമെന്ന്’ ഇമാം പറഞ്ഞു. അതേസമയം കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച സമാജ്‌വാദി പാര്‍ട്ടി എംപി ഷഫീഖുര്‍ റഹ്മാന്‍ ബാര്‍ഖിനോടുള്ള വിയോജിപ്പും ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ ചീഫ് വ്യക്തമാക്കി. ഇന്ത്യ ദരിദ്ര രാജ്യമായതിനാല്‍ മകളെ ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം സമാജ്‌വാദി പാര്‍ട്ടി എംപി ഷഫീഖുര്‍ റഹ്മാന്‍ ബര്‍ഖ് അഭിപ്രായപ്പെട്ടിരുന്നു.
അതിനാല്‍ പാര്‍ലമെന്റില്‍ ഈ ബില്ലിനെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ എല്ലാത്തിലും രാഷ്ട്രീയം കൊണ്ടുവരരുതെന്നും, ഇത് സ്ത്രീ ശാക്തീകരണമാണെന്നും, അതിനായി മോദി സര്‍ക്കാര്‍ നല്ല പദ്ധതികള്‍ കൊണ്ടുവന്നുവെന്നും ഉമര്‍ അഹമ്മദ് ഇല്യാസി പറഞ്ഞു. നേരത്തെ പലരും മുത്തലാഖ് നിയമത്തെ എതിര്‍ത്തിരുന്നുവെങ്കിലും സര്‍ക്കാര്‍ നീക്കം നിരവധി സ്ത്രീകളുടെ വീടുകള്‍ രക്ഷിച്ചുവെന്നും ഇമാം അഭിപ്രായപ്പെട്ടു.
സ്ത്രീകളുടെ കുറഞ്ഞ വിവാഹപ്രായം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചിരുന്നു. സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്താനുള്ള നിര്‍ദ്ദേശത്തിന് ബുധനാഴ്ചയാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. 2006ലെ ശൈശവ വിവാഹ നിരോധന നിയമം പരിഷ്‌കരിക്കുന്നതിനുള്ള ബില്‍ പാര്‍ലമെന്റിന്റെ വരുന്ന ശീതകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ അവതരിപ്പിച്ചേക്കും.
Post Your Comments