നേപ്യിഡോ: മ്യാന്മാറിൽ സൈനിക ഭരണകൂടം അധികാരത്തിൽ നിന്ന് പുറത്താക്കിയ ആങ് സാൻ സൂ ചി കോടതിയിൽ പ്രത്യക്ഷപ്പെട്ടത് ജയിൽ വേഷത്തിലെന്ന് റിപ്പോർട്ടുകൾ. വിദേശ വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസംബർ മാസത്തിന്റെ തുടക്കത്തിൽ തന്നെ കോവിഡ് ചട്ടങ്ങൾ ലംഘിച്ചു, ജനങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിച്ചു എന്നീ കുറ്റങ്ങൾ ആരോപിച്ചു കൊണ്ട് സൂ ചിയ്ക്ക് നാലു വർഷം തടവുശിക്ഷ വിധിച്ചിരുന്നു. ജയിൽവേഷമായ വെള്ള ടോപ്പും ബ്രൗൺ നിറത്തിലുള്ള വസ്ത്രവും ധരിച്ചു കൊണ്ടാണ് അവർ ജയിലിലെത്തിയത്.
ഇതിനു മുൻപ് കോടതിയിൽ വന്നപ്പോഴൊക്കെ സൂ ചി ധരിച്ചിരുന്നത് സാധാരണ വേഷമായിരുന്നു. എന്നാൽ, ഇത്തവണ കർശന നിയന്ത്രണങ്ങളാണ് സൈന്യം അവർക്ക് നേരെ എടുത്തിരിക്കുന്നതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. നിലവിൽ, പതിനൊന്നോളം കുറ്റങ്ങൾ സൂ ചിയ്ക്ക് നേരെ ചുമത്തിയിട്ടുണ്ട്. പക്ഷേ താൻ നിരപരാധിയാണെന്ന് പറഞ്ഞ അവർ ഇതെല്ലാം നിഷേധിച്ചു. കേസുകളെല്ലാം വിലയിരുത്തുകയാണെങ്കിൽ, സൂ ചിയ്ക്ക് 100 വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. സൂ ചിയ്ക്കെതിരെയുള്ള നടപടികൾക്കെതിരെ വ്യാപക പ്രതിഷേധമാണ് ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഉയരുന്നത്.
Post Your Comments