KeralaLatest NewsArticleNewsWriters' Corner

അശ്ലീലത/തെറി അരങ്ങു തകർത്ത മലയാള സിനിമ : ചുരുളിയും ജോജുവും പിന്നെ വിവാദവും

ഹൈക്കോടതി പോലും സഭ്യേതരമായ ഭാഷയാണ് ചിത്രത്തിലുള്ളതെന്നു വിമർശിച്ചു.

2021ലെ മലയാള സിനിമയെ വിലയിരുത്തുമ്പോൾ മുഴച്ചു നിൽക്കുന്നത് മൂന്നു പ്രധാന സംഭവങ്ങളാണ്. പൊതു സമൂഹം അശ്ലീലമെന്നു മുദ്രകുത്തിയ തെറിപദങ്ങളുടെ ഘോഷയാത്രയുമായി വന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി, കുഞ്ഞാലിമരയ്ക്കാർ എന്ന സിനിമയുടെ പ്രദർശന വിവാദങ്ങൾ, നായകനിരയിലേയ്ക്ക് ഉയർന്ന നടൻ ജോജു ജോർജ് കൊച്ചിയിൽ കോൺഗ്രസുകാർ ഇന്ധനവാതക വിലവർദ്ധനവിനെതിരെ നടത്തിയ സമരത്തിൽ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയത് തുടങ്ങിയവ.

ഇന്ധന വിലവർധനവിന് എതിരായ കോൺഗ്രസിന്റെ ദേശീയപാത ഉപരോധ സമരത്തിനിടെ വൈറ്റിലയിൽ വച്ചായിരുന്നു നടൻ ജോജു ജോർജിന്റെ പ്രതിഷേധം. ഇതിനെ തുടർന്ന് ജോജുവിന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ തടയുകയും ഗ്ലാസ് തകർക്കുകയും ചെയ്തു. കോൺഗ്രസ് പ്രവർത്തകനും വൈറ്റില സ്വദേശിയുമായ ജോസഫ് ആയിരുന്നു വാഹനത്തിന്റെ ഗ്ലാസ് തകർത്തത്. ഇതിനൊപ്പം തന്നെ മദ്യപിച്ചും മാസ്ക് വയ്ക്കാതെയുമാണ് നടൻ യാത്ര ചെയ്തതെന്നും ആരോപിച്ചുകൊണ്ട് കോൺഗ്രസുകാർ രംഗത്തെത്തി.

read also: പതിനെട്ടാം വയസിൽ ഒരു പെൺകുട്ടിക്ക് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ കഴിയുമെങ്കിൽ പങ്കാളിയെയും തെരഞ്ഞെടുക്കാം: ഒവൈസി

അതേ സമയം കോണ്‍ഗ്രസ് സമരത്തിനെതിരെ ജോജു ജോര്‍ജ് നടത്തിയ ഇടപെടല്‍ ആസൂത്രിതമാണോ എന്ന് സംശയിക്കുന്നതായും നവംബര്‍ ഒന്നിന് പുലര്‍ച്ചെ മുന്‍ മിസ് കേരള അന്‍സി കബീര്‍ ഉള്‍പ്പടെ മൂന്ന് പേരുടെ മരണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമായിരുന്നു ഇതെന്നും പറഞ്ഞ ഷിയാസ് സമരം നടന്ന ദിവസത്തെ ജോജുവിന്റെ പെരുമാറ്റം ദുരൂഹമാണെന്നും ഇടപ്പള്ളിയിലെ ഹോട്ടലില്‍ നിന്നും ബഹളമുണ്ടാക്കിയ ശേഷമാണ് താരം ഇവിടേയ്ക്ക് വന്നതെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച വിവരമെന്നും ആരോപിച്ചിരുന്നു. ജോജു മദ്യപിച്ചിരുന്നതായാണ് അവിടെ ഉണ്ടായിരുന്ന പൊലീസുകാര്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നത്. എന്നാല്‍, പരിശോധനയ്ക്ക് ശേഷം മദ്യപിച്ചിട്ടില്ലെന്ന റിസല്‍റ്റ് വന്നു. ജോജു മറ്റെന്തെങ്കിലും ലഹരിയും ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പരിശോധിക്കണമെന്ന് ഷിയാസ് പറഞ്ഞു.

അപകടത്തില്‍ മരിച്ച മോഡലുകള്‍ പങ്കെടുത്ത ഡിജെ പാര്‍ട്ടിയില്‍ ജോജുവും പങ്കെടുത്തിരുന്നോ എന്നന്വേഷിക്കേണ്ടതുണ്ടെന്നും പാര്‍ട്ടിയില്‍ പങ്കെടുത്ത മറ്റാര്‍ക്കെങ്കിലും വേണ്ടി മാധ്യമശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമായിരുന്നു ജോജുവിന്റെ ഈ പ്രകടനമെന്നും കോൺഗ്രസുകാർ ആരോപിച്ചിരുന്നു. ഒരാളെ താറടിക്കാൻ അയാളുടെ സ്വഭാവ വൈകല്യത്തെ ഉയർത്തികാണിക്കുകയോ അല്ലെങ്കിൽ മാനസികമായി അയാളെ തോൽപ്പിക്കാൻ ‘തെറി’ ഉപയോഗിക്കുകയും ചെയ്യുന്നത് കേരളീയ പൊതു സമൂഹത്തിന്റെ രീതികളിൽ ഒന്നാണ്. അത് തന്നെയാണ് ജോജുവിനെ നേരെ ഉണ്ടായതും.

‘കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് കോണ്‍ഗ്രസ് സമരം നടത്തിയത്. ജോജുവിന്റെ പ്രതിഷേധത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ പിന്‍ബലമുണ്ട്. നടന് വേണ്ടി വക്കാലത്തിന് വന്നത് ചില പ്രമുഖ രാഷ്ട്രീയക്കാരാണ്. അഹങ്കാരത്തിന് കൈയും കാലും വച്ചയാളാണ് ജോജു ജോര്‍ജ്. വിഷയത്തില്‍ കോണ്‍ഗ്രസിനോട് ജോജു ഖേദം പ്രകടിപ്പിക്കണം. അല്ലാതെ വിട്ടുവീഴ്ചയില്ല. നിയമത്തിന്റെ വഴിക്ക് തന്നെ പോകും. ജോജുവിനെതിരായ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരുടെ പരാതിയില്‍ ഇതുവരെ നടപടി ഇല്ല.’ കേസ് പോലും പൊലീസ് എടുക്കുന്നില്ലെന്ന് അന്‍വര്‍ സാദത്ത് ആരോപിച്ചിരുന്നു. കൂടാതെ കെ ബാബു നിയമസഭയിൽ പറഞ്ഞത് മലയാളത്തില്‍ തെറിയും തമിഴില്‍ തെറി അല്ലാത്തതുമായ പ്രയോഗമാണ് ജോജു നടത്തിയതെന്നായിരുന്നു. ഇടതു പക്ഷത്തിന്റെ ചട്ടുകമാണ് ജോജുവെന്നും വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചുരുളി എന്ന ചിത്രം ഒടിടിയിലൂടെ പ്രദർശനത്തിനെത്തിയത്.

വിനോയ് തോമസിന്റെ ‘കളിഗെമിനാറിലെ കുറ്റവാളികൾ’ എന്ന കഥയെ ആസ്പദമാക്കി എസ് ഹരീഷിന്റെ തിരക്കഥയിൽ ഒരുക്കിയ ചുരുളി രണ്ട് ഭാര്യമാരെ ചവിട്ടിക്കൊന്ന ആൾ മുതൽ നാടുവിട്ട് കുടിയേറിപ്പാർത്തവരും, ഒളിച്ച് താമസിക്കുന്നവരും കൊലപാതകികളും ഗുണ്ടകളും വരെ താമസിക്കുന്ന ഒരു ഇടത്തെയാണ് അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ തെറി ഭാഷ വലിയ രീതിയിൽ ചർച്ചയായിരുന്നു. ഹൈക്കോടതി പോലും സഭ്യേതരമായ ഭാഷയാണ് ചിത്രത്തിലുള്ളതെന്നു വിമർശിച്ചു.

നമ്മുടെ വികാരപ്രകടനത്തിൻ്റെ ഭാഷകളിൽ സുപ്രധാനമായ ഒന്നാണ് തെറിയും. ചിലർ തങ്ങളുടെ വെറുപ്പോ കോപമോ പ്രകടിപ്പിക്കാൻ തെറി വിളിക്കുന്നു. മറ്റു ചിലർ മറ്റുള്ളവരുടെ മേൽ ആധിപത്യം നേടാൻ തെറി വിളിക്കുന്നു. തങ്ങളുടെ അമർഷവും നിരാശയും അടിച്ചമർത്താനുള്ള വഴിയായി ഒരു കൂട്ടർ തെറി വിളിയെ കാണുമ്പോൾ മറ്റൊരു കൂട്ടർ അതിനെ സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു രീതിയായി ആവിഷ്കരിക്കുന്നു. ജീവിത സാഹചര്യങ്ങളോടുള്ള ഒരു പ്രതികരണം എന്ന നിലയിലും, സാഹിത്യപരമായുമൊക്കെ തെറിയെ വീക്ഷിക്കുന്നവരും ഉണ്ട്. സൈബർ ഇടങ്ങളിൽ തെറി പദങ്ങളുടെ വ്യാപനം ധാരാളമായി കാണാൻ കഴിയുന്നതാണ്. ജോജുവിന്റെ വിവാദ സമയത്ത് താരത്തിന്റെ പോസ്റ്റുകൾക്ക് താഴെ തെറിയുടെ വിമർശകർ എത്തിയിരുന്നു. അതുപോലെ തന്നെ മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തിയറ്ററിൽ അല്ല ഒടിടിയിലാണ് റിലീസ് ചെയ്യുക എന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പറഞ്ഞ സമയത്ത് മോഹൻലാൽ ആരാധകർ ഉൾപ്പെടെയുള്ളവർ ആന്റണിയുടെ ഫേസ് ബുക്ക് പോസ്റ്റിനു താഴെ തെറിവിളിയുമായി എത്തിയതും ഉദാഹരണം.

രശ്മി അനിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button